തിരുവനന്തപുരം: സയൻസ് ഫിക്‌ഷൻ സിനിമകളുടെ ആരാധകനായ കുമളി സ്വദേശി റോവറിനെ റോബോട്ടിക്സ് രംഗത്തെത്തിച്ചത് എട്ടാംക്ലാസിൽ കണ്ട അയൺമാൻ സിനിമയാണ്. ഇലക്ട്രോണിക്സ് എൻജിനിയറിംഗിന് ശേഷം സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കമ്പനിയിൽ ജോലി ചെയ്തു. 2021ൽ രാജിവച്ച് ബെൺഡിറ്റാ ബയോണിക്സ് എന്ന റോബോട്ടിക്സ് സ്റ്റാർട്ടപ്പ് തുടങ്ങി. അപകടങ്ങളിൽ കൈകൾ നഷ്ടപ്പെട്ടവർക്കും ജന്മനാ അംഗപരിമിതർക്കും വേണ്ടി 'ഏയ്ഞ്ചൽ ഹാൻഡ്' എന്ന യന്ത്രക്കൈ വികസിപ്പിച്ചു. പരസഹായമില്ലാതെ ഷർട്ടിടാനും ഗ്ലാസെടുക്കാനും ഏയ്ഞ്ചൽ ഹാൻഡ് സഹായിക്കും. കഴിഞ്ഞആഴ്ച കൊച്ചിയിൽ നടന്ന റോബോട്ടിക്സ് കോൺക്ലേവിൽ മികച്ച ആറു സ്റ്രാർട്ടപ്പുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. ബാല്യകാല സുഹൃത്തുക്കളും കുമളി സ്വദേശികളുമായ ആഷിക്ക്,അതുൽ ഷാജി,അഹ്മദ് എന്നിവരും സ്റ്റാർട്ടപ്പിന്റെ ഭാഗമാണ്.
പ്രവർത്തനം
റോബോട്ടിക് കൈ ഘടിപ്പിക്കാൻ ആദ്യം കൈയുടെ അളവും ഭാരവുമെടുക്കും. ഇതിനു ക്ലിനിക്കുകളുടെ സഹായം തേടും. കൈയില്ലെങ്കിലും ആ ഭാഗത്ത് തൊലിയുടെ ഉള്ളിൽ പേശിയുടെ ഫൈബറുകൾ ഉണ്ടായിരിക്കും. നൈലോണിൽ നിർമ്മിച്ച കൃത്രിമക്കൈയുടെ ഉള്ളിൽ,മുട്ടിന് താഴെയായി രണ്ടു സെൻസറുകൾ ഘടിപ്പിക്കും. പേശി ചുരുങ്ങുമ്പോഴും വികസിക്കുമ്പോഴും പുറത്തുവരുന്ന ഇലക്ട്രോണിക്ക് സിഗ്നലുകൾ സെൻസറുകൾ പിടിച്ചെടുക്കും. ഇത്തരത്തിൽ കൈ തുറക്കാനും അടയ്ക്കാനും വിരലുകൾ ചലിപ്പിക്കാനുമാകും. ഓരോ വിരലിലും ചെറിയ മോട്ടോറുകളുണ്ട്. കാലിൽ ഷൂ ഇടുന്ന പോലെ കൈയിൽ കൃത്രിമക്കൈ തൂക്കിയിടാം. കൃത്യമായി അളവെടുക്കുന്നതിനാൽ ഊരിപ്പോകില്ല. ആവശ്യമില്ലാത്തപ്പോൾ ഊരിമാറ്റാം.
വഴിത്തിരിവായത് വിഷ്ണു
കൊച്ചിയിലെ ക്ലിനിക്കിൽ കൃത്രിമക്കൈയുടെ ആശയം അവതരിപ്പിച്ചപ്പോഴാണ് ജന്മനാ ഇടതുകൈയില്ലാത്ത വിഷ്ണുവിനെക്കുറിച്ച് അറിയുന്നത്. കൃത്രിമക്കൈ വിഷ്ണുവിൽ ഉപയോഗിച്ചു. വിഷ്ണു ഓക്കെ പറഞ്ഞതോടെ ആത്മവിശ്വാസമായി. അന്നുമുതൽ വിഷ്ണുവും ഒപ്പം കൂടി. കൊച്ചിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സങ്കമേഷും ഉപയോഗിക്കുന്നുണ്ട്. കൂടുതൽ ക്ലിനിക്കുകളിലേയ്ക്ക് എത്തിക്കാനാണ് ശ്രമം.വലിയഭാരം എടുക്കാനാവില്ലെങ്കിലും പണ്ട് ചെയ്യാൻ പറ്റാത്തതൊക്കെ പരസഹായമില്ലാതെ ചെയ്യാമെന്ന് വിഷ്ണു പറയുന്നു.
കുമളിയിലാണ് സ്റ്റാട്ടപ്പിന്റെ ആസ്ഥാനം. രൂപകല്പന കുമളിയിലും നിർമ്മാണം ബംഗളൂരുവിലുമാണ്.വിദേശത്ത് 12 ലക്ഷം വിലവരുന്ന കൃത്രിമക്കൈ 4.5 ലക്ഷത്തിനാണ് നൽകുന്നത്.
ഭിന്നശേഷിക്കാരുടെ കുടുംബ പെൻഷന്
വരുമാനപരിധി നിശ്ചയിച്ചത് ക്രൂരത
സ്വന്തം ലേഖകൻ
കൊച്ചി: സർക്കാർ ജീവനക്കാരായ രക്ഷിതാക്കളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കൾക്ക് ലഭിച്ചിരുന്ന കുടുംബപെൻഷന് വരുമാനപരിധി നിശ്ചയിച്ച സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ മരണശേഷം അവരുടെ ജീവിതപങ്കാളി, ആശ്രിതരായ മാതാപിതാക്കൾ, 25ന് മുകളിൽ പ്രായമുള്ള അവിവാഹിതയായ മകൾ, ഭിന്നശേഷിക്കാരായ മക്കൾ എന്നിവർക്ക് കുടുംബപെൻഷൻ അനുവദിച്ചിരുന്നു. ഇതിൽ ആശ്രിതരായ മതാപിതാക്കൾക്കും അവിവാഹിതയായ മകൾക്കും വാർഷിക കുടുംബവരുമാനം 60,000 രൂപയിൽ (പ്രതിമാസം 5000രൂപ) കുറവായിരിക്കണമെന്ന വ്യവസ്ഥ നിശ്ചയിച്ചിരുന്നെങ്കിലും അംഗപരിമിതരുടെ കാര്യത്തിൽ വരുമാനപരിധി ബാധകമാക്കിയിരുന്നില്ല. കഴിഞ്ഞമാസം 22ന് ഇറക്കിയ പുതിയ സർക്കാർ ഉത്തരവ് പ്രകാരം ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങിയ ഗുരുതര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് വരുമാനപരിധി ബാധകമായി.
2003ലാണ് സർക്കാർ ജീവനക്കാരുടെ ശാരീരിക വൈഷമ്യങ്ങൾ നേരിടുന്ന മക്കൾക്ക് കുടുംബപെൻഷൻ അനുവദിച്ച് ഉത്തരവുണ്ടായത്. മാതാപിതാക്കളിൽ ആരെങ്കിലും സർക്കാർ ജീവനക്കാരായിരുന്നുവെന്ന കാരണത്താൽ സാമൂഹ്യസുരക്ഷ പെൻഷൻ പോലും ഇവർക്ക് ലഭിക്കില്ലെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സർക്കാരിന്റെ നടപടി കേരളത്തിന് അപമാനമാണെന്ന് സ്റ്റേറ്റ് ഫെഡറേഷൻ ഒഫ് പേരന്റ്സ് ഓർഗനൈസേഷൻ ഒഫ് പെഴ്സൺ വിത്ത് ഇന്റലക്ച്വൽ ആൻഡ് ഡവലപ്മെന്റൽ ഡിസെബിലിറ്റീസ് (പരിവാർ - കേരള), ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അംഹ - തൃശൂർ തുടങ്ങിയ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
''സാമൂഹ്യസുരക്ഷാ പെൻഷന് പോലും അർഹതയില്ലാത്ത, മാതാപിതാക്കളുടെ മരണത്തോടെ തീർത്തും നിസ്സഹായരായിപ്പോകുന്ന ഈ വിഭാഗത്തിന് അവകാശപ്പെട്ട ഫാമിലി പെൻഷൻ നിഷേധിക്കുന്നത് ക്രൂരതയാണ്.""
പി.എസ്. മായ, കൊച്ചി.
''ഭിന്നശേഷിക്കാർക്ക് കുടുംബപെൻഷൻ ലഭിക്കാൻ വരുമാനപരിധി നിശ്ചയിച്ചത് ഔചിത്യമില്ലാത്ത നടപടിയാണ്.""
ഡോ.പി. ഭാനുമതി (അംഹ, തൃശൂർ)