ഒരു നായയെ പിടികൂടി രണ്ട് തെരുവ്നായ്ക്കൾക്കും പേവിഷബാധയെന്ന് സംശയം
തിരുവനന്തപുരം: നഗരസഭയുടെ നേതൃത്ത്വത്തിലുള്ള വന്ധ്യംകരണവും വാക്‌സിനേഷനും 'ശൗര്യം ' കുറഞ്ഞതോടെ പെറ്റുപെരുകിയ തെരുവ്നായ്‌ക്കൾ കാരണം ഭീതിയിലായി നഗരവാസികൾ.
കഴിഞ്ഞ ദിവസം നഗരത്തിൽ 38 പേരെ തെരുവ് നായ്‌ക്കൾ കടിച്ചതിന്റെ ഞെട്ടലിലാണ് ജനങ്ങൾ. ആക്രമണം നടത്തിയ നായ്ക്കൾക്ക് പേവിഷബാധയുണ്ടെന്നാണ് നഗരസഭ ആരോഗ്യവിഭാഗവും പറയുന്നത്. എന്നാൽ നായ്‌ക്കൾ ചത്തശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ. രണ്ട് നായ്‌ക്കൾ ജനങ്ങളെ കടിച്ചെന്നാണ് നിഗമനം. അതിൽ ഒരെണ്ണത്തിനെ ഇന്നലെ ആറ്റുകാൽ ഭാഗത്തുവച്ച് നഗരസഭ ഡോഗ് ക്യാച്ചർ സംഘം പിടികൂടി. നഗരഹൃദയമായ പാളയം,പേട്ട,കുന്നുകുഴി, ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ്,നഗരസഭ പരിസരം,മ്യൂസിയം അടക്കമുള്ള ഇടങ്ങളിലും തെരുവ് നായ്ക്കൾ കൂടുതലാണ്.
നേമം,പേരൂർക്കട,അമ്പലമുക്ക് ഭാഗങ്ങളിൽ തെരുവ് നായ്‌ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. നഗരകേന്ദ്രങ്ങളിൽ മാലിന്യം കുന്നുകൂടിയതോടെ അലഞ്ഞുതിരിയുന്ന നായ്‌ക്കളുടെ എണ്ണവും കൂടി. തെരുവ് നായ്‌ക്കളുടെ ആക്രമണം ഭയന്ന് റോഡുകളിലുള്ള പ്രഭാത-സായാഹ്ന നടത്തം പലരും വീടിന്റെ പരിസരത്തേക്ക് മാറ്റുകയാണ്. തെരുവ് നായ്‌ക്കൾക്ക് സമയബന്ധിതമായി കുത്തിവയ്പ്പെടുക്കുന്നതിനും മറ്റുമായി ഉദ്യോഗസ്ഥർ മുൻകൈ എടുക്കുമ്പോൾ ഭരണസമിതിയുടെ പിന്തുണയില്ലാത്തതാണ് പദ്ധതികൾ ഇഴയ്‌ക്കുന്നതെന്നാണ് ആരോപണം.
4500 കുത്തിവയ്പ്
ഈ വർഷം നഗരത്തിൽ 4500 തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷമിത് 7307 ആയിരുന്നു. നഗരത്തിൽ 10,000-12,000 എണ്ണത്തിനിടയിൽ തെരുവ് നായ്‌ക്കളുണ്ടെന്നാണ് നഗരസഭയുടെ കണക്ക്. കഴിഞ്ഞ വർഷം 1185 നായ്ക്കളെയും ഈ വർഷം 587 നായ്ക്കളെയും വന്ധ്യംകരിച്ചിട്ടുണ്ട്. നായപരിപാലന സന്നദ്ധസംഘടനയായ കാവായുടെ നേതൃത്വത്തിൽ ഈ വർഷം 52 നഗരസഭ വാർഡുകളിലായി 3200 വാക്‌സിനേഷൻ നൽകി. 60 ശതമാനം ആൺനായ്ക്കളും 40 ശതമാനം പെൺനായ്‌ക്കളുമാണ് നഗരത്തിലുള്ളതെന്നും അലഞ്ഞുനടക്കുന്ന നായ്‌ക്കളിൽ 96 ശതമാനവും പൂർണ ആരോഗ്യമുള്ളവയാണെന്നും നഗരസഭയുടെ സർവേയിൽ കണ്ടെത്തിയിരുന്നു.
തർക്കത്തിൽ കുടുങ്ങി വന്ധ്യംകരണകേന്ദ്രം
നിലവിൽ പേട്ടയിലെ കേന്ദ്രത്തിൽ മാത്രമേ നഗരത്തിൽ വന്ധ്യംകരണം നടക്കുന്നുള്ളൂ. ഇവിടെ ദിവസം അഞ്ച് നായ്‌ക്കളെയാണ് വന്ധ്യംകരിക്കുന്നത്. വണ്ടിത്തടത്തെ കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തിവച്ചിട്ട് ഒരുവർഷം കഴിഞ്ഞു. നഗരസഭയുടെ നേതൃത്വത്തിലുള്ള അറ്റകുറ്റ പണിക്കായി പൊളിച്ച കേന്ദ്രത്തിലെ ജോലികൾ ഇഴയുകയാണ്.
അവിടുത്തെ സെപ്‌റ്റിക്ക് ടാങ്ക് നിറഞ്ഞൊഴുകിയത് കാരണം നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്നു. ഇതേക്കുറിച്ച് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയോട് പരാതിപ്പെട്ടെങ്കിലും തിരഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. കേന്ദ്രത്തിന്റെ പ്രവർത്തനം ഊർജിതമാക്കിയാൽ കൂടുതൽ നായ്‌ക്കളെ വന്ധ്യംകരിക്കാനാകും.