photo

 കഴിഞ്ഞ ദിവസം കടിയേറ്റത് പത്തോളം പേർക്ക്

പാലോട്: നന്ദിയോട് പഞ്ചായത്തിലെ ജംഗ്ഷനുകളിൽ തെരുവുനായ്ക്കളുടെ വിളയാട്ടം തുടങ്ങിയിട്ട് നാളുകളായി, എന്നിട്ടും വേണ്ടപ്പെട്ടവർ കണ്ടഭാവം നടിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പച്ച പുലിയൂരിൽ കഴിഞ്ഞദിവസം പത്തോളംപേരെയാണ് നായ്ക്കൾ ഓടിച്ചിട്ട് കടിച്ചത്. ഇവരെല്ലാം ചികിത്സയിലുമാണ്. നാട്ടുകാരെ ആക്രമിച്ച തെരുവുനായയെ പിടികൂടിയെങ്കിലും ഇത് ചത്തു. ഇതോടെ നാട്ടുകാർ ആശങ്കലിയായി. ഇതിന് വിരാമം വരണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരണം. നായ്ക്ക് പേവിഷബാധയുണ്ടെങ്കിൽ കാര്യങ്ങൾ സങ്കീർണ്ണമാകുന്ന നിലയിലാണ്.

 പ്രധാന കേന്ദ്രങ്ങൾ

നന്ദിയോട് പഞ്ചായത്തിലെ പാലോട് ആശുപത്രി പരിസരം,

പഴയ കെ.എസ്.ആർ.ടി.സി ഓഫീസ് പരിസരം,

പച്ച ക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, പുലിയൂർ, പാലുവള്ളി യു.പി സ്കൂൾ പരിസരം,

കുശവൂർ ജംഗ്ഷൻ, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, കൊച്ചുതാന്നിമൂട്, ചുണ്ടകരിക്കകം, പ്ലാവറ, കരിമൺകോട്, ഇലവുപാലം, ആലുമ്മൂട്

 ഇരുട്ടുവീണാൽ മാലിന്യം നിക്ഷേപം രൂക്ഷമായതിനാൽ രാത്രികാലങ്ങളിൽ തെരുവുനായ്ക്കളും ഇവിടെ കൂട്ടമായെത്തും. ഇവ കാരണം കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നത്. പൊതുജനങ്ങളെയും വളർത്തുമൃഗങ്ങളെയും എല്ലാം തെരുവ്നായ്ക്കൾ ആക്രമിക്കും. ഒഴിഞ്ഞ പറമ്പുകൾ, പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് ഇവറ്റകളുടെ പ്രധാന താവളം. നഗരപ്രദേശങ്ങളിൽ നിന്നും പിടികൂടുന്ന നായ്ക്കളെ ഈ മേഖലയിൽ തള്ളുന്നത്. ഇങ്ങനെയുള്ളവയിൽ ഭൂരിഭാഗവും ത്വഗ് രോഗം വരെയുള്ള നായ്ക്കളും ഉണ്ട്.

 പാങ്ങോട് പഞ്ചായത്തിൽ ആരംഭിക്കാനിരുന്ന വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഷെൽറ്റർ ഇന്നും വാഗ്ദാനം മാത്രമായി ഒതുങ്ങുകയാണ്. പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാനസൗകര്യങ്ങൾ പോലും നടന്നിട്ടില്ല. കൂടാതെ ഓരോ പഞ്ചായത്തും നിശ്ചിത തുക നൽകണമെന്ന സർക്കാർ നിർദേശവും ആരും കേട്ടമട്ടില്ലെന്നാണ് ആക്ഷേപം.

 നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കായി നൽകുന്ന പ്രതിരോധ കുത്തിവയ്പ് നന്ദിയോട് പഞ്ചായത്തിൽ തുടങ്ങിയെങ്കിലും അത് ഫലപ്രദമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ,​ നിലവിൽ 400 ലധികം തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിയതായും ശേഷിക്കുന്നവയെ കൂടി കണ്ടെത്തി വാക്സിൻ നൽകുമെന്നുമാണ് അധികാരികൾ അറിയിക്കുന്നത്.

 പ്രതികരണം

മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഇറച്ചിക്കടകളും ഹോട്ടലുകളുമാണ് പ്രധാന പ്രതിസന്ധിയാകുന്നത്. ഇവർ പൊതുനിരത്തിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുള്ള നായ്ക്കളാണ് കൂടുതൽ ആക്രമണകാരികളാകുന്നത്. ഇത്തരം കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായാൽ ഒരുപരിധിവരെ തെരുവുനായ ശല്യം ഒഴിവാക്കാം.

പി. സനൽകുമാർ

ഗ്രാമപഞ്ചായത്തംഗം നന്ദിയോട്