തിരുവനന്തപുരം: പാപ്പനംകോട്ടും കാരയ്ക്കാമണ്ഡപത്തുമുള്ള സഹോദരങ്ങളെയും കൊച്ചുമക്കളെയും കാണാൻ പതിവുപോലെ എത്തിയതാണ് നിർമ്മല. എന്നാൽ വീട്ടിലെത്തിയിട്ടും അപ്രതീക്ഷിതമായുണ്ടായ തെരുവുനായ ആക്രമണത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
കടുത്ത ആസ്‌ത്മ,പ്രമേഹ രോഗിയായ നിർമ്മല (65) കരകുളം കെൽട്രോൺ ജംഗ്ഷനിലാണ് താമസിക്കുന്നത്. കടിയേറ്ര് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഹ്യൂമൺ റാബീസ് ഇമ്മ്യുണോഗ്ലോബിൻ(hrig) മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന് മരുന്ന് വാങ്ങി നൽകേണ്ടിവന്നു. എസ്.എ.ടിക്ക് മുന്നിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒറ്റത്തവണ ഉപയോഗിക്കേണ്ട നാല് ഇൻജക്ഷന് ചെലവായത് 17,627.50 രൂപയാണ്. പുറത്ത് ഈ മരുന്നിന് 30,000ൽ കൂടുതലാണ് വില.
മൂന്ന് ദിവസം രാവിലെയും വൈകിട്ടും കുത്തിവയ്പ്പ് വേറെയുമുണ്ട്. മാത്രമല്ല മുറിവ് വച്ചുകെട്ടാൻ ഒന്നിടവിട്ട ദിവസങ്ങളിൽ ആശുപത്രിയിലെത്തണം. നായയുടെ കടിയേറ്ര മറ്റുള്ളവരുടെയും സ്ഥിതി സമാനമാണ്. എല്ലാവരും മരുന്ന് പുറത്തുനിന്ന് വാങ്ങിച്ചതായി പറയുന്നു. കാരയ്ക്കാമണ്ഡപത്തു നിന്ന് പാപ്പനംകോട്ടേയ്ക്ക് പോകാൻ എതിരെയുള്ള ബസ് സ്റ്രാൻഡിലേക്ക് നടക്കുമ്പോഴാണ് തെരുവുനായ നിർമ്മലയെ പിന്നിൽ നിന്ന് ആക്രമിച്ചത്. കടിയേറ്റ വലതുകാലിൽ ആഴത്തിലുള്ള മുറിവുണ്ട്.