തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി ബസുകളുടെ കേന്ദ്രമായ കിഴക്കേകോട്ട ബസ് സ്റ്രാൻഡിലെത്തുമ്പോൾ മൂത്രശങ്ക തോന്നിയാൽ പെട്ടതു തന്നെ. ഒന്നുകിൽ പിടിച്ചുനിറുത്തേണ്ടിവരും അല്ലെങ്കിൽ പുത്തരിക്കണ്ടം മൈതാനത്തിന് അടുത്തുള്ള നഗരസഭയുടെ കംഫർട്ട് സ്റ്റേഷനെ ആശ്രയിക്കേണ്ടിവരും. അതുമല്ലെങ്കിൽ തമ്പാനൂർ സെൻട്രൽ ഡിപ്പോയാണ് ആശ്രയം. പ്രതിദിനം ആയിരക്കണക്കിന് ജനങ്ങൾ വന്നുപോകുന്ന നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളിലൊന്നായ കിഴക്കകോട്ടയുടെ ഈ ദുഃസ്ഥിതി കാലങ്ങളായുള്ളതാണ്.
ഉണ്ടായിരുന്നത് പൊളിച്ചുമാറ്റി
കെ.എസ്.ആർ.ടി.സി നോർത്ത് ബസ് സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോടു ചേർന്ന് നേരത്തെ ഒരു ടോയ്‌ലെറ്റ് പ്രവർത്തിച്ചിരുന്നെങ്കിലും അത് പൊളിച്ചുമാറ്റി. അറ്റകുറ്റപ്പണി നടത്താതെയും വൃത്തിഹീനമായും കിടന്നതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, പകരം സംവിധാനം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി ഇതുവരെ തയാറായിട്ടില്ല. ഉദ്യോഗസ്ഥർക്കായി സ്റ്റേഷനോടു ചേർന്ന് ടോയ്ലെറ്റ് ഉണ്ടെങ്കിലും ഇതും വൃത്തിഹീനമാണ്. ഇതുമൂലം വനിതാ ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു. പുത്തരിക്കണ്ടം മൈതാനത്തിന് അടുത്ത് കംഫർട്ട് സ്റ്റേഷനുണ്ടെങ്കിലും അവിടം സുരക്ഷിതമല്ലെന്നാണ് സ്ത്രീകളുടെ പരാതി. ഇവിടെ പൊതുടോയ്ലെറ്റുണ്ടെന്ന കാര്യം അധികമാർക്കും അറിയില്ല.
ചാലയിലും രക്ഷയില്ല
കിഴക്കേകോട്ടയോടു ചേർന്നുള്ള ചാല മാർക്കറ്റിലും പൊതുടോയ്‌ലെറ്റ് ഇല്ലാത്തത് വ്യാപാരികളെയും ജീവനക്കാരെയും വലയ്‌ക്കുന്നുണ്ട്. ചില കടകളിലും സ്ഥാപനങ്ങളിലും മാത്രമാണ് ടോയ്ലെറ്റുള്ളത്. ചാല ഫിഷ് മാർക്കറ്റിനടുത്ത് ഇടിഞ്ഞുവീഴാറായ ഒരു കെട്ടിടത്തിൽ പൊതുടോയ്ലെറ്റുണ്ടെങ്കിലും അത് ഉപയോഗയോഗ്യമല്ല. ഇതിനു പകരം കൊത്തുവാൾ തെരുവിൽ പുതുതായി ടോയ്ലെറ്റ് നിർമ്മിച്ചെങ്കിലും ഇതുവരെ തുറന്നിട്ടില്ല.