ശിവഗിരി: ചിങ്ങം ഒന്നിന് ആരംഭിച്ച ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും കേരളത്തിലും രാജ്യത്തും വിദേശരാജ്യങ്ങളിലും വിശേഷാൽ പരിപാടിയായി സംഘടിപ്പിച്ചു വരുകയാണ്.
ഗുരുധർമ്മ പ്രചരണസഭ, എസ്. എൻ. ഡി. പി യോഗം ശാഖകൾ , ഗുരുദേവക്ഷേത്രങ്ങൾ , ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനായോഗങ്ങൾ, പ്രഭാഷണങ്ങൾ, സമൂഹപ്രാർത്ഥന, ഗൃഹസന്ദർശന പരിപാടി എന്നിവ നടന്നു വരുന്നു. ഗുരുദേവൻ തിരു അവതാരം ചെയ്ത സമയത്തെ (6.15) ഉൾക്കൊണ്ടുകൊണ്ട് പുലർച്ചെ 6 മുതൽ 6.30 വരെ തിരുഅവതാരമുഹൂർത്ത പ്രാർത്ഥന, ധ്യാനം, ഗുരുദേവകൃതികളുടെ പാരായണം എന്നിവയും നിത്യേന നടക്കുന്നതായ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.
ശ്രീജേഷിനെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം: വി.ഡി.സതീശൻ
തിരുവനന്തപുരം: ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ.ശ്രീജേഷിന് ജന്മനാട്ടിൽ നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
രാജ്യത്തിന്റെ അഭിമാന താരമായ ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ കാരണം മാറ്റിവയ്ക്കേണ്ടി വന്നത് അപമാനമാണ്. കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിന് വേണ്ടി രണ്ട് ഒളിമ്പിക് മെഡൽ നേടിയ കായികതാരത്തെ വ്യക്തിപരമായി അവഹേളിക്കുകയാണ് ചെയ്തത്. ഇനി ഒരു കായികതാരത്തിനും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുത്. അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ പ്രസ്താവിച്ചു.
പ്ളസ് ടു സർട്ടിഫിക്കറ്റ് പ്രശ്നം ;
പ്രിൻസിപ്പൽ സെക്രട്ടറി
റാണി ജോർജിന് ചുമതല
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പ്ലസ് ടു സർട്ടിഫിക്കറ്റുകളിൽ കേരള ബോർഡ് ഒഫ് ഹയർ സെക്കൻഡറി എക്സാമിനേഷനെന്ന് രേഖപ്പെടുത്തിയത് മൂലം ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
രാജ്യത്തെ സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഒഫ് ബോർഡ്സ് ഒഫ് സ്കൂൾ എഡ്യൂക്കേഷന്റെ വെബ്സൈറ്റിൽ കേരള ബോർഡ് ഒഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേരുകളിലെ ഈ വ്യത്യാസം പ്രശ്നത്തിനിടയാക്കി. കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും കാട്ടിയാണ് ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ചില കോളജുകളിൽ പ്രവേശനം നിഷേധിക്കുന്നത്.