വെള്ളനാട്: മാലിന്യനിക്ഷേപം തടയാൻ കൂവക്കുടി പാലത്തിൽ സ്ഥാപിച്ച സുരക്ഷാവേലി തകർന്നതോടെ രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് കരമനയാറ്റിലേയ്‌ക്ക് മാലിന്യം തള്ളുന്നത് രൂക്ഷമായി. മാലിന്യനിക്ഷേപം മൂലം തലസ്ഥാന നഗരത്തിലേക്കുള്ള കുടിവെള്ളം മലിനമായിട്ടും അധികൃതർ അനങ്ങുന്നില്ല. കരമനയാറ്റിലേക്കുള്ള മാലിന്യനിക്ഷേപം തടയാനും പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആളുകൾ ആത്മഹത്യചെയ്യുന്നത് ഒഴിവാക്കാനുമായി 10 ലക്ഷം ചെലവിട്ടാണ് ജല അതോറിട്ടി സുരക്ഷാ വേലി സ്ഥാപിച്ചത്. എന്നാൽ,​ സാമൂഹ്യവിരുദ്ധർ വേലി നശിപ്പിക്കുകയായിരുന്നു.

രാത്രിയിൽ പാലവും പരിസരപ്രദേശങ്ങളും ഇരുട്ടിലാണ്. ഇത് മാലിന്യനിക്ഷേപത്തിന് അനുഗ്രഹമായിട്ടുണ്ട്. നഗരത്തിൽ നിന്നുള്ള മാലിന്യങ്ങളും വാഹനങ്ങളിൽ കൊണ്ടുവന്ന് കൂവക്കുടി പാലത്തിന് മുകളിലൂടെ കരമനയാറ്റിൽ തള്ളുന്നുണ്ട്. പുതിയ പാലത്തിൽ തകർന്നുകിടക്കുന്ന സുരക്ഷാവേലി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഴയ പാലത്തിലെ സുരക്ഷാവേലി തകർന്നിട്ടില്ലെങ്കിലും പല ഭാഗങ്ങളിലും തുരുമ്പുകയറി. കൂടാതെ പാഴ്ച്ചെടികൾ വളർന്ന് പാലത്തിൽ കാടുപിടിച്ചിട്ടുണ്ട്. കൂവക്കുടി ആളൊഴിഞ്ഞ പ്രദേശമായതിനാൽ പാലത്തിൽ നിന്നും ആറ്റിൽ ചാടി നിരവധിപ്പേർ ആത്മഹത്യ ചെയ്തിരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്ന് ആൾക്കാർ ഇവിടെ വന്ന് ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഈ പ്രദേശത്തിന് ആത്മഹത്യാ മുനമ്പെന്ന വിളിപ്പേരും ലഭിച്ചു.

അല്പം ചരിത്രം
1904ലാണ് കൂവക്കുടിയിൽ കരമനയാറിന് കുറുകെ ജർമ്മൻകാർ വീതികുറഞ്ഞ പഴയ പാലം നിർമ്മിച്ചത്.ഈ പാലം നൂറ്റാണ്ടുകൾ പിന്നിട്ട് ബലക്ഷയം ആയതോടെയാണ് പഴയ പാലത്തിന് സമാന്തരമായി 9 കോടി രൂപ വിനിയോഗിച്ച് 101.44 മീറ്റർ നീളത്തിൽ പുതിയ പാലം നിർമിച്ചത്. 2017ൽ പുതിയ പാലം വന്നു.

കൂവക്കുടി പാലത്തിലെ സുരക്ഷാവേലി പുനഃനിർമ്മിക്കണം. സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണം

-

വെള്ളനാട് വാമലോചനൻ

പ്രദേശവാസി