
ഉദിയൻകുളങ്ങര: റബർ പൂവിടുന്ന ഫെബ്രുവരി,മാർച്ച് മാസങ്ങളാണ് നാട്ടുംപുറത്തെ തെൻ കർഷകരുടെ ഏക പ്രതീക്ഷ. ഏറെ വരുമാനം പ്രതീക്ഷിച്ച് തേനീച്ച വളർത്തിയ കർഷകർക്ക് ഇക്കുറി നിരാശമാത്രമാണ് ലഭിച്ചത്. കാലാവസ്ഥാവ്യതിയാനത്തിൽ മഴയും ചൂടും മാറിമറിഞ്ഞതോടെ 1200 രൂപ ചെലവിൽ തേനീച്ചക്കൂട് സ്ഥാപിക്കുകയും അതിന് പത്ത് മാസത്തോളം തീറ്റിപ്പോറ്റുകയും ചെയ്ത കർഷകർ കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇവരെ സംരക്ഷിക്കാൻ ബോർഡുകൾ രൂപീകരിച്ചെങ്കിലും അതെല്ലാം വെറും പദ്ധതികൾ മാത്രമായി ഒതുങ്ങി. മറ്റൊരുകൃഷിയിലേക്കും ഇറങ്ങാതെ പാരമ്പര്യമായി തേനീച്ച വളർത്തൽ മാത്രമായിരുന്ന കർഷകരാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത്.
 വ്യാജനും എത്തി
തേനീച്ചകൃഷിയിൽ ഗ്രാമീണ കർഷകർ പിന്നോട്ടായതോടെ അവിടെയും അന്യസംസ്ഥാനക്കാർ സ്ഥാനമേറ്റെടുത്തുതുടങ്ങി. ഇതിൽ വ്യാജന്മാരും ഉണ്ട്. ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പഞ്ചസാര വിലയുടെ വർദ്ധനവ്, കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ഇവ തരണം ചെയ്ത് തേനീച്ച കൃഷി ചെയ്യുവാൻ പ്രയാസമാണെന്ന് കർഷകർ പറയുന്നു.