ko

കോവളം: ജനങ്ങളുടെ നീറുന്ന നിയമപ്രശ്നങ്ങൾ പൊലീസിനും കോടതിക്കും പുറത്ത് നടത്തുന്ന അദാലത്തിലൂടെ പരിഹാരം കാണാനുള്ള സംവിധാനവുമായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്. ഈ ഓണക്കാലത്തോടെ പഞ്ചായത്തിനെ സൗഹൃദ - സന്തുഷ്ട ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യം. ഏത് തരത്തിലുള്ള പരാതികളും സ്വീകരിച്ച് ഇരുകക്ഷികൾക്കും സ്വീകാര്യമായ രീതിയിൽ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനായി എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ ലീഗൽ സർവീസ് അതോറിട്ടിയുടെ മദ്ധ്യസ്ഥതയിലാണ് അദാലത്ത് നടക്കുക. ജനങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും പരാതികൾ സമർപ്പിക്കാം. ഇതിനായി പഞ്ചായത്താഫീസിൽ പരാതിപ്പെട്ടി സ്ഥാപിക്കും. പരാതികൾ സമയബന്ധിതമായി പരിശോധിച്ച് എതിർ കക്ഷിക്ക് നോട്ടീസയയ്‌ക്കും. അദാലത്ത് ദിവസം ഇരു കക്ഷികളെയും വിളിപ്പിച്ച് പ്രശ്ന പരിഹാരമുണ്ടാക്കും. അദാലത്തിലെ തീരുമാനം അന്തിമമായിരിക്കും. സേവനം പൂർണമായും സൗജന്യമാണ്.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന അദാലത്തിൽ റിട്ട. ജഡ്ജിമാർ, ന്യായാധിപന്മാർ, നിയമ വിദഗ്ദ്ധർ എന്നിവർക്കു പുറമെ, പരാതിയുടെ സ്വഭാവമനുസരിച്ച് ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,ചുമതലയുള്ള വ്യക്തികൾ എന്നിവരാകും അദാലത്തിൽ പങ്കെടുക്കുക. ഇതുസംബന്ധിച്ചുള്ള ആലോചനയോഗം കഴിഞ്ഞ ദിവസം നടന്നു. ജസ്റ്റിസ് എം. ആർ.ഹരിഹരൻ നായർ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയായ സബ് ജഡ്‌ജി ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു. ജനപ്രതിനിധികൾ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, കേരള ഗാന്ധി സ്മാരക നിധി,​ നിയമപഠന സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷനുകൾ,​ സാമുദായിക - സാംസ്‌കാരിക സംഘടനകൾ, വായന ശാലകൾ, സ്‌പോർട്സ് ക്ളബ്ബുകൾ, യൂത്ത് ക്ളബ്ബുകൾ, ജനമൈത്രി പൊലീസ്, കുടുംബശ്രി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.