1

വിഴിഞ്ഞം: മാസങ്ങൾക്കിടെ നിരവധി പക്ഷിമൃഗാദികളുടെ ജീവൻ രക്ഷിച്ച് വിഴിഞ്ഞം ഫയർഫോഴ്സിന്റെ ഇടപെടൽ. ഇന്നലെ പുല്ലൂർകോണം ക്ഷേത്രത്തിനു സമീപത്തെ തെങ്ങിൻമുകളിൽ കാലിൽ ചുറ്റിയ ചരടിൽ തൂങ്ങിയാടുകയായിരുന്ന പരുന്തിനെ തെങ്ങുകയറ്റ തൊഴിലാളിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. തുടർന്ന് മൃഗാശുപത്രിയിലെത്തിച്ച് ഇഞ്ചക്ഷനും മരുന്നുകളും നൽകിയ ശേഷം സ്റ്റേഷനിൽ പരിചരണത്തിലാക്കി. എ.എസ്.ടി.ഒ സജീവ് കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ അലി അക്ബർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ്, രാജേഷ്,പ്രദീപ്, വിപിൻ, അജിത് കുമാർ,ഹോം ഗാർഡ് സുനിൽ ദത്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടു ദിവസം മുമ്പ് വലയിൽ കുടുങ്ങിയ ചേരയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തിയിരുന്നു. 16 ന് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെയും രക്ഷപ്പെടുത്തി. ജൂസായ് 31ന് തലയിൽ പ്ലാസ്റ്റിക് കുപ്പി കുരുങ്ങി ഭക്ഷണം കഴിക്കാനാകാതെ അവശനായ തെരുവുനായയ്ക്കും ഫയർ ഫോഴ്സ് രക്ഷകരായി. ജൂണിൽ 70 അടി താഴ്ചയുള്ള കിണറ്റിൽ വീണ പശുവിനെയും ചുവരുകൾക്കിടയിൽ കുടുങ്ങിയ മയിലിനെയും രക്ഷിച്ചു.