തിരുവനന്തപുരം:നാലര വർഷം കെട്ടിപ്പൂട്ടിവച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെയാണ് മലയാള സിനിമയിലെ വിഗ്രഹങ്ങൾ അപമാന ഭാരത്താൽ ഉടഞ്ഞുവീഴാൻ തുടങ്ങിയത്. സംവിധായകൻ രഞ്ജിത്തിനും നടൻ സിദ്ദിഖിനും രാജിവയ്ക്കേണ്ടി വന്നു. ഇവർക്കെതിരെ ഉടൻ നിയമ നടപടി വരും. എം.എൽ.എ കൂടിയായ മുകേഷ്, അലൻസിയർ, സുധീഷ്, റിയാസ് ഖാൻ...നടിമാരുടെ ആരോപണ ശരങ്ങൾ തറച്ചവരുടെ ലിസ്റ്റ് നീളുന്നു. നാളെ ആർക്കെതിരേയും ആരോപണം ഉയരാം. തെളിവുകൾ അവതരിപ്പിക്കപ്പെടാം.
സിനിമയെ ഭരിക്കുന്നവർക്കെതിരെയുള്ള നിരവധി മൊഴികളും അവയ്ക്കെല്ലാം തെളിവുകളും ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നു. അതുകൊണ്ടാണ് അത് പുറത്തുവരുന്നതിനെ തുടക്കം മുതൽ സർക്കാർ ഒളിഞ്ഞും തെളിഞ്ഞും എതിർത്തത്. ഭരണത്തിൽ ചില സിനിമാക്കാരുടെ സ്വാധീനം കാരണം വെളിച്ചം കാണാതിരുന്ന റിപ്പോർട്ട് വിവരാവകാശ കമ്മീഷനും ഹൈക്കോടതിയും ഇടപെട്ടതോടെയാണ് ഭാഗികമായെങ്കിലും പുറത്തു വന്നത്. എന്നിട്ടും സാസ്കാരിക വകുപ്പ് ഇരയ്ക്കൊപ്പമെന്നു പറഞ്ഞുകൊണ്ട് വേട്ടക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതായി ആരോപണമുയർന്നു.
ചിലർ പീഡനക്കാര്യം വെട്ടിത്തുറന്നു പറഞ്ഞതോടെ എല്ലാം കൈവിട്ടു പോയി. പരാതികളിൽ ഹൈക്കോടതി ശക്തമായി ഇടപെടുമെന്ന് വന്നതോടെയാണ് സർക്കാർ 'വേട്ടക്കാരെ' കൈവിടാൻ നിർബന്ധിതമായത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സുപ്രധാന നിർദേശങ്ങൾ നിയമസഭയിലെ ചോദ്യങ്ങൾക്കുള്ള മറുപടിയിലും സർക്കാർ മറച്ചുവച്ചിരുന്നു. ജുഡിഷ്യൽ കമ്മിഷൻ അല്ലാത്തതിനാൽ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാൻ സർക്കാരിനു ബാദ്ധ്യതയില്ല. എന്നാൽ, വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് കിട്ടാനുള്ള അപേക്ഷ നിരസിക്കാൻ സാംസ്‌കാരിക വകുപ്പു പറഞ്ഞ കാരണം, റിപ്പോർട്ട് നിയമസഭയ്ക്കു നൽകേണ്ടതുണ്ടെന്നാണ്.
സാംസ്‌കാരിക വകുപ്പിന്റെ ഈ നിലപാട് 2020 ഒക്ടോബറിൽ വിവരാവകാശ അപേക്ഷയുടെ അപ്പീൽ തള്ളിയ ഉത്തരവിൽ മുഖ്യ വിവരാവകാശ കമ്മിഷണർ രേഖപ്പെടുത്തിയിട്ടുണ്ട്.
സിനിമയിലെ സ്ത്രീകളുടെ ദുരനുഭവങ്ങളെ 'ഞെട്ടിക്കുന്നത് ' എന്നു വിശേഷിപ്പിച്ചാണ്, ഒന്നാമത്തെ പ്രശ്നമായി ലൈംഗികാതിക്രമം ജസ്റ്റിസ് ഹേമ ചൂണ്ടിക്കാട്ടിയത്. സിനിമയിൽ അവസരം കിട്ടാൻ ലൈംഗിക ബന്ധം പകരം ചോദിക്കുന്നെന്നും ജോലിസ്ഥലത്തും യാത്രയിലും താമസസ്ഥലത്തും അതിക്രമം നേരിടുന്നുവെന്നും വിശദീകരിച്ചാണ് പ്രധാന പ്രശ്നം ലൈംഗിക അതിക്രമമാണെന്നു റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നത്.
എന്നാൽ, കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് 2020 ഫെബ്രുവരിയിൽ എം.ഉമ്മർ, പി.കെ.ബഷീർ, എ.കെ.മുനീർ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് അന്നത്തെ സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ നൽകിയ മറുപടിയിൽ ജസ്റ്റിസ് ഹേമയുടേതായി രണ്ട് നിർദ്ദേശങ്ങൾ മാത്രമേയുള്ളൂ എന്നായിരുന്നു - കേരള സിനി എക്സിബിറ്റ് ആൻഡ് എംപ്ലോയീസ് റഗുലേഷൻ നിയമം രൂപീകരിച്ച് ട്രൈബ്യൂണൽ സ്ഥാപിക്കുക, സ്ത്രീകൾക്കെതിരെയുള്ള കുറ്റങ്ങൾക്ക് ശിക്ഷ നൽകാൻ വ്യവസ്ഥയുണ്ടാക്കുക എന്നിവ.