g

തിരുവനന്തപുരം:ന്യായീകരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്നും പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ബോധ്യമായതോടെയാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയാൻ രഞ്ജിത്തിനോട് സർക്കാർ ആവശ്യപ്പെട്ടത്.

രാജിവയ്ക്കണമെന്ന നിർദേശം ശനിയാഴ്ച രാത്രി തന്നെ ലഭിച്ചിരുന്നുവെന്നാണ് സൂചന.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് അക്കാഡമി ചെയർമാനെതിരെ വെളിപ്പെടുത്തലുണ്ടായത്. ഇതോടെ രഞ്ജിത്തിനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലായി സി.പി.എം.

പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയശേഷം വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. പിറ്റേന്നു തന്നെ മടങ്ങി.

താൻ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഓഡിഷനുവേണ്ടിയാണു ശ്രീലേഖയെ വരുത്തിയത്. അവരുടെ പ്രകടനം തൃപ്തികരമായി തോന്നിയില്ല. എന്നോട് ഒരു സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അടുത്തുപെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. അഭിനയത്തിൽ തൃപ്തിയില്ലെന്ന് പിറ്റേന്നു തന്നെ സഹസംവിധായകൻ ശങ്കർ രാമകൃഷ്ണൻ അവരെ അറിയിക്കുകയും ചെയ്തു. അപ്പോൾ അവർ ക്ഷോഭിച്ചതായി അറിഞ്ഞിരുന്നു. ഞാൻ ഇരയും അവർ വേട്ടക്കാരിയുമാണ്.

ശ്രീലേഖയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയായിരിക്കും ആദ്യം ചെയ്യുക.

ന്യായീകരണത്തിന് നിൽക്കാതെ
സിദ്ദിഖിന്റെ രാജി

കൊച്ചി: ലൈംഗി​ക പീഡന ആരോപണത്തി​ന് പി​ന്നാലെ ന്യായീകരിക്കാൻ ശ്രമിക്കാതെ 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനം സി​ദ്ദി​ഖ് രാജി​വച്ചു. രാജി​ക്കത്ത് പ്രസി​ഡന്റ് മോഹൻലാലി​ന് ഇ-മെയി​ലായി​ അയച്ചു.

ആരോപണത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും പിന്നീട് പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉൗട്ടിയിൽ ഷൂട്ടിംഗിലായിരുന്ന സിദ്ദിഖ് ഇന്നലെ രാത്രി കൊച്ചിയിൽ മടങ്ങിയെത്തിയിട്ടുണ്ട്.

2016ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്തെന്നാണ് യുവനടി ശനിയാഴ്ച വെളിപ്പെടുത്തിയത്. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് സംഭവം. എതിർത്ത തന്നെ അടിക്കുകയും തൊഴിക്കുകയും ചെയ്തു.

ഹേമ കമ്മി​റ്റി​ റി​പ്പോർട്ട് പുറത്തുവന്നതി​ന് പി​ന്നാലെ അമ്മ ആസ്ഥാനത്ത് നടത്തി​യ വാർത്താസമ്മേളനത്തി​ൽ സി​നി​മാരംഗത്തെ പീഡന മൊഴി​കളെക്കുറി​ച്ച് നേരി​ട്ട് മറുപടി​ പറയാതെ സിദ്ദിഖ് ഒഴി​ഞ്ഞുമാറിയിരുന്നു. എന്നാൽ ഈ നിലാപാടിന് ജഗദീഷ് ഉൾപ്പെടെ ഉള്ളവരുടെ പിൻന്തുണ കിട്ടിയില്ല. പിന്നീട് ഉർവശി അടക്കമുള്ളവർ വിമർശിക്കുകയും ചെയ്തു. ഈ ഒരു സാഹചര്യമാണ് സംഘടനയിൽ നിലനിൽക്കുന്നത്.

ലൈംഗി​ക ചുവയോടെ ഇടവേള ബാബു സംസാരി​ച്ചെന്ന യുവനടി​യുടെ പരാതി​ പരി​ശോധി​ക്കുമെന്നും സി​ദ്ദി​ഖ് വി​​ശദീകരി​ച്ചി​രുന്നു.

ഇതിനു പിന്നാലെ, തനി​ക്കെതിരെ​ ആരോപണമുയർന്നതോടെ രാജി​വയ്ക്കുകയായി​രുന്നു സി​ദ്ദി​ഖ്.

രാജിക്കത്ത്

എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഞാൻ സ്വമേധയാ രാജി വയ്‌ക്കുന്നതായി താങ്കളെ അറിയിച്ചുകൊള്ളട്ടെ.
വിശ്വസ്തതയോടെ,
സിദ്ദിഖ്‌