തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിലെ തട്ടിപ്പ് പുറത്തുവന്നതോടെ ആരോപണ വിധേയരായ മുൻ ഭരണസമിതി അംഗങ്ങൾ ഒളിവിൽപ്പോയി. ബി.ജെ.പി നേതാക്കളായ 10 ഡയറക്ടർ ബോർ‌ഡ് അംഗങ്ങളെ പ്രതികളാക്കി 12 കേസുകൾ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ തെളിവുകളും രേഖകളും ശേഖരിച്ചശേഷം ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, നിക്ഷേപത്തുക ആവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തി. 85ഓളം പേരാണ് നിലവിൽ ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകിയത്. തട്ടിപ്പ് പുറത്തുവന്നതോടെ കൂടുതൽ പേർ സമാനമായ പരാതികളുമായി സമീപിക്കുന്നുണ്ടെന്നും പരാതിയും രേഖകളും വിശദമായി പരിശോധിച്ചാണ് കേസ് രജിസ്റ്റർ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ട 92 പേർ ചേർന്ന് വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിൽ ചേരുന്നതിനും കൂടുതൽ ആളുകൾ സമീപിക്കുന്നുണ്ടെന്നാണ് നിക്ഷേപകർ പറയുന്നത്. അതേസമയം, മുതിർന്ന ബി.ജെ.പി നേതാക്കളെ വിശ്വസിച്ചാണ് സഹകരണ സംഘത്തിൽ നിക്ഷേപിച്ചതെന്ന് നിക്ഷേപകരിൽ പലരും പറയുന്നു. പി.എഫ്, ഗ്രാറ്റുവിറ്റി തുകയാണ് പലരും നിക്ഷേപിച്ചത്. ഇത് തിരികെ ചോദിച്ചതോടെ സഹകരണ സംഘം അധികൃതർ കൈമലർത്തി. നടപടി ക്രമങ്ങൾ പാലിക്കാതെ, യാതൊരു ഈടുമില്ലാതെയാണ് പലർക്കും വായ്പ അനുവദിച്ചതെന്നും ഭരണസമിതി അംഗങ്ങൾ വഴിവിട്ട് പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും പരാതിക്കാ‌ർ പറയുന്നു.

ഇനിയുള്ള കാലം ബുദ്ധിമുട്ടില്ലാതെ കഴിയാൻ വേണ്ടിയാണ് റിട്ടയർമെന്റ് തുകയും കൈയിലിരുന്ന സമ്പാദ്യവുമെല്ലാം നിക്ഷേപിച്ചത്. അവർ വ‍ഞ്ചിക്കുമെന്ന് കരുതിയില്ല.

:- പേര് വെളിപ്പെടുത്താത്ത ഒരു പരാതിക്കാരി