തിരുവനന്തപുരം: മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ അസാം സ്വദേശിയായ 13കാരി അഞ്ചുദിവസങ്ങൾക്കുശേഷം തിരികെയെത്തി.

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇന്നലെ രാത്രി 10.30ഓടെ എത്തിയ കേരള എക്‌സ്‌പ്രസിന്റെ ബി 6 എ.സി കമ്പാർട്ട്മെന്റിലായിരുന്നു കുട്ടി. അവളുടെ വരവും കാത്ത് സി.ഡബ്ലിയു.സി ചെയർപേഴ്‌സൺ ഷാനിബാ ബീഗവും കഴക്കൂട്ടം എ.സി.പിയുമടക്കം കാത്തുനിൽപ്പുണ്ടായിരുന്നു. ട്രെയിനിൽ നിന്നുമിറങ്ങിയപ്പോൾ ചാനൽ കാമറകൾ പൊതിഞ്ഞതോടെ പെൺകുട്ടിയെ അമ്പരന്നെങ്കിലും ചെയർപേഴ്‌സൺ അടുത്തേക്ക് വിളിച്ച് നെറുകയിൽ തലോടി.

സ്റ്റേഷന് പുറത്തെത്തിച്ചപ്പോൾ വിശാഖപട്ടണം സി.ഡബ്ലിയു.സി കൊടുത്തുവിട്ട ട്രാൻസ്‌ഫർ ഓർഡർ കഴക്കൂട്ടം എസ്.ഐ രഞ്ജിത്, ഷാനിബാ ബീഗത്തിന് കൈമാറി. പിന്നാലെ സി.ഡബ്ലിയു.സിയുടെ വാഹനത്തിൽ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് കൊണ്ടുപോയി. ദിവസങ്ങൾ നീണ്ടഅലച്ചിനെ തുടർന്ന് പെൺകുട്ടി ക്ഷീണിച്ചിതയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച അമ്മ വഴക്കുപറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി കഴക്കൂട്ടത്തെ വാടക വീട്ടിൽനിന്ന് ഇറങ്ങിയത്. ബസിൽ കയറി തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെത്തി ബംഗളൂരു- കന്യാകുമാരി ട്രെയിനിൽ കയറുകയായിരുന്നു.

ട്രെയിനിൽ വച്ച് നെയ്യാറ്റിൻകര സ്വദേശി ബബിതയെടുത്ത ചിത്രമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്. ചെന്നൈ സ്റ്റേഷനിൽ ട്രെയിലിറങ്ങിയ കുട്ടി കുപ്പിവെള്ളവുമായി പ്ലാറ്റ്ഫോമിലൂടെ പോകുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സ്റ്റേഷനിലെ സി.സി ടിവിയിൽ നിന്ന് ലഭിച്ചതും സഹായകമായി. പിന്നീട് വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​എ​ൻ.​എം.​പി​ള്ള​യും​ ​എ.​ആ​ർ.​ജി​ ​ഉ​ണ്ണി​ത്താ​നു​മ​ട​ക്ക​മു​ള്ള​വ​രാണ് ​താം​ബ​രം​ ​-​ ​സാ​ന്ദ്ര​ഗ​ച്ചി​ ​എ​ക്‌സ്‌പ്ര​സി​ൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.