തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെയും കണ്ണാശുപത്രിയിലെയും പ്രവേശകവാടത്തിലെ ഓടുകൾ നിലംപതിക്കുന്നതായി പരാതി. കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലായ ഓടുകളാണ് അടിക്കടി റോഡിലേക്ക് വീണു കൊണ്ടിരിക്കുന്നത്. രോഗികൾക്ക് സുരക്ഷ ഒരുക്കേണ്ട അധികൃതർ ഇതു കണ്ടഭാവം കാണിക്കുന്നില്ലെന്ന് പരിസരത്ത് കച്ചവടം നടത്തുന്നവർ പരാതിപ്പെടുന്നു.
ദിവസവും നൂറുക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രികളിലാണ് അപകടം പതിയിരിക്കുന്നത്. ചെറിയ കാറ്റ് അടിച്ചാൽ പോലും മുകളിൽ നിന്ന് ഓടുകൾ ഇളകി താഴെ വീഴുമെന്ന് പ്രവേശന കവാടത്തിന് സമീപത്ത് ഭക്ഷണപ്പൊതി വിൽക്കുന്ന സ്‌ത്രീകൾ പറയുന്നു. ഇതുവരെ ഭാഗ്യം കൊണ്ട് മാത്രമാണ് ഒന്നും സംഭവിക്കാത്തത് .മിക്ക ദിവസങ്ങളിലും തറയിൽ ഓട് വീണ് കിടക്കാറുണ്ടെന്ന് ഇവർ പറയുന്നു. കണ്ണാശുപത്രിക്ക് മുന്നിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതിനാൽ രോഗികൾ ഉൾപ്പെടെയുള്ളവർ പ്രവേശന കവാടത്തിന്റെ ചുവട്ടിലാണ് ബസ് കാത്തുനിൽക്കുന്നത്. എത്രയും വേഗം പ്രവേശന കവാടങ്ങളിലെ ഓടുകൾ മാറ്റി പുനഃസ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
നിരവധി തവണ അരികിലായി ഓട് വീണിട്ടുണ്ട്.
രാജമ്മ,ജനറൽ ആശുപത്രിക്ക് മുന്നിൽ ഭക്ഷണപ്പൊതി വിൽക്കുന്ന സ്‌ത്രീ
അപകടാവസ്ഥയിലാണ് പ്രവേശന കവാടത്തിലെ ഓടുകൾ ഇളകിയിരിക്കുന്നത്.ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുന്നതുവരെ അധികൃതർ കണ്ടഭാവം കാണിക്കില്ല.
കണ്ണാശുപത്രിക്ക് മുന്നിലെ ഓട്ടോത്തൊഴിലാളികൾ