മുടപുരം: കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കാർഷിക മേഖലയിലെ അഭിവൃദ്ധിക്കും അഭ്യസ്തവിദ്യരായ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി ആരംഭിച്ച തൊഴിൽദാന പദ്ധതിയിൽ ചേർന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി. ഇതിൽ അംഗമായി 60 വയസ് കഴിഞ്ഞ കർഷകർ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷനോ ഗ്രാറ്റുവിറ്റിയോ ലഭിച്ചിട്ടില്ല. കിഴുവിലം കൃഷിഭവൻ മുഖേന 35 പട്ടികവിഭാഗം ഉൾപ്പെടെ 283 കർഷകർ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഇതിൽ മരണപ്പെട്ടവരും മറ്റു ജോലികൾ ലഭിച്ചവരുമുണ്ട്. 240 ഓളം പേർ ഇപ്പോൾ പദ്ധതിയിൽ തുടരുന്നു. ഈ പദ്ധതിയിൽ ചേർന്ന് 60 വയസ് കഴിഞ്ഞ കുറച്ചുപേർക്ക് പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കാനുള്ള അൻപതോളം പേർ ഇതിനായി അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് പരാതി.

 പദ്ധതി ഇങ്ങനെ

1994ലാണ് തൊഴിൽദാന പദ്ധതി ആരംഭിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യവികസനം എന്നീ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കാണ് ഈ പദ്ധതി.100 രൂപ രജിസ്റ്ററേഷൻ ഫീസായും 1000 രൂപ പദ്ധതി വിഹിതമായും പദ്ധതിയിൽ ചേർന്നവർ അടച്ചിരുന്നു. 20 വയസ് മുതൽ 35 വയസുവരെയുള്ള നിരവധി യുവ കർഷകർ അന്ന് കിഴുവിലം പഞ്ചായത്തിൽനിന്ന് ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. പട്ടിക വിഭാഗക്കാർക്ക് 40 വയസുവരെ ചേരാമായിരുന്നു.

 വ്യവസ്ഥകൾ ഇങ്ങനെ

1. 60 വയസിനുശേഷം 1000 രൂപ പ്രതിമാസ പെൻഷൻ, 30000 മുതൽ 60000 വരെ ഗ്രാറ്റുവിറ്റി.

2. മരണശേഷം അവകാശിക്ക് ഒരു ലക്ഷം രൂപ

3. ശാരീരിക മാനസിക അവശത പൂർണ്ണമായി സംഭവിച്ചാൽ 200 മുതൽ 750 രൂപ വരെ പ്രതിമാസ പെൻഷൻ

4. ​ 60 വയസിനു മുമ്പ് മരണപ്പെട്ടാൽ അവകാശിക്ക് 25000 മുതൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും.

5. സ്വയം പിരിഞ്ഞാൽ അടച്ച 1000 രൂപ മടക്കിക്കൊടുക്കും