തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള തൈക്കാട് പാലത്തിനു സമീപത്തെ റോഡിൽക്കൂടി പോകുന്ന കാൽനട യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ തുരുമ്പെടുത്ത വാഹനങ്ങളിൽ തട്ടി മുറിവേൽക്കും. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന തമ്പാനൂർ പൊലീസ് വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ് പാലത്തിന് ഇടതുവശത്തെയും റോഡിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. മുമ്പ് അരിസ്റ്റോ ജംഗ്‌ഷന് സമീപത്തായിരുന്നു തമ്പാനൂർ പൊലീസ് സ്റ്രേഷൻ. അവിടെ പൊലീസുകാർക്ക് നിന്നുതിരിയാൻ പോലും ഇടമുണ്ടായിരുന്നില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനോ, പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാനോ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായാണ് പഴയ സ്റ്റേഷനു സമീപത്തായി നാലുനില മന്ദിരം നിർമ്മിച്ച് 2020ൽ പ്രവർത്തനം തുടങ്ങിയത്. ഓഫീസ് സൗകര്യങ്ങളുണ്ടെങ്കിലും പാർക്കിംഗും വാഹനം സൂക്ഷിക്കലും ഇപ്പോഴും പ്രശ്നമാണ്. ഇടതുവശത്തുള്ള സ്റ്റേഷന്റെ പിന്നിലായി നൂറുമീറ്ററോളം പൊലീസ് പിടിച്ചിട്ട വാഹനങ്ങളുടെ നിരയാണ്. റോഡിന് വീതിയില്ലാത്തതിനാൽ നടപ്പാതയിലൂടെ വരുന്നവർ പെട്ടെന്ന് റോഡിലേക്കിറങ്ങിയാൽ ഇരുവശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മുമ്പിൽപെടാനുള്ള സാദ്ധ്യതയുമേറെയാണ്. ന്യൂ തിയേറ്ററിന്റെ എതിർവശത്ത് കഷ്ടിച്ച് 50 മീറ്റർ ദൂരത്തിൽ മാത്രമാണ് ഈ സ്ഥലം. ന്യൂതിയേറ്റർ കോംപ്ളക‌്സിലെത്തുന്നവർ സ്ഥലമില്ലാതെ വരുമ്പോൾ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്.
കേസുകളിൽ പിടിക്കുന്ന വാഹനങ്ങൾ മുമ്പ് പൂന്തുറ മിൽക്ക് കോളനിയിലാണ് സൂക്ഷിച്ചിരുന്നത്. അവിടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയതോടെ വാഹനങ്ങൾ മാറ്റേണ്ടിവന്നു. ഇതോടെ വീണ്ടും സ്റ്രേഷനടുത്ത് തന്നെ വാഹനങ്ങൾ ഇടാൻ നിർബന്ധിതമായി. അതേസമയം, വാഹനങ്ങൾ സൂക്ഷിക്കാൻ മറ്റ് സ്ഥലമില്ലെന്നാണ് തമ്പാനൂർ പൊലീസ് പറയുന്നത്. വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന് പിന്നിൽ മതിലിനോടു ചേർന്നുള്ള ട്രാൻസ്‌ഫോർമറും അപകടഭീഷണി ഉയർത്തുന്നു.
പ്രശ്നങ്ങൾ ഇവ
മൂന്നര സെന്റിൽ ഞെങ്ങിഞെരുങ്ങി പൊലീസ് സ്റ്റേഷൻ
കേസിൽപ്പെട്ട വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ല
പൊലീസുകാർക്കും സ്റ്റേഷനിലെത്തുന്നവർക്കും പാർക്കിഗ് സൗകര്യമില്ല
കേസ് അവസാനിച്ച വാഹനങ്ങൾ ഉടമസ്ഥർ യഥാസമയം കൊണ്ടുപോകുന്നില്ല
കോടതിയിൽ ഹാജരാക്കേണ്ടവ ദീർഘനാൾ സൂക്ഷിക്കേണ്ട സ്ഥിതി