assam-girl

തിരുവനന്തപുരം: വീട്ടിലേക്ക് പോകാൻ താത്പര്യമില്ലെന്ന് അസാം ബാലിക ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചതായി ചെയർപേഴ്സൺ ഷാനിബ ബീഗം.

അമ്മ കഠിനമായി വീട്ടുജോലികൾ ചെയ്യിക്കുകയും അടിക്കുകയും ചെയ്തതിനാലാണ് വീടുവിട്ടത്. അമ്മയുടെ ബാഗിൽ നിന്ന് 150 രൂപയെടുത്ത് കഴക്കൂട്ടത്ത് നിന്ന് ബസിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി. അടുത്ത ട്രെയിനിൽ കയറി പോയി. സ്ഥലം അറിയില്ലായിരുന്നെങ്കിലും ആരോടും സഹായം ചോദിച്ചില്ല. ട്രെയിനിൽ ബുദ്ധിമുട്ടുണ്ടായില്ല. ട്രെയിനിൽ കുറെ സ്ത്രീകളുണ്ടായിരുന്നു. ഒരു സ്ത്രീ ബിരിയാണി വാങ്ങി തന്നു. ബാത്റൂമിൽ പോയപ്പോൾ രണ്ട് ആൺകുട്ടികൾ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ അവർ പിൻവാങ്ങി. ബിരിയാണി കഴിച്ച് കിടന്ന് ഉറങ്ങിപ്പോയി. വിശാഖപട്ടണത്ത് വച്ച് കുറെ സ്ത്രീകൾ തങ്ങളുടെ കുട്ടിയാണെന്ന് അവകാശപ്പെട്ടെങ്കിലും കുട്ടി അതൊന്നും ശ്രദ്ധിക്കുകയോ പതറുകയോ ചെയ്തില്ല.

വൈദ്യപരിശോധന നടത്തി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഷെൽട്ടറിലേക്ക് മാറ്റിയ കുട്ടിക്ക് കൗൺസലിംഗ് ആരംഭിച്ചു. പത്ത് ദിവസമെങ്കിലും കൗൺസലിംഗിന് വേണ്ടി വരും. അതിന് ശേഷം കുട്ടിയുടെ അഭിപ്രായമറിഞ്ഞിട്ടേ അന്തിമ തീരുമാനമെടുക്കൂ. മാതാപിതാക്കൾക്കും കൗൺസലിംഗ് നൽകും. കുട്ടിയുടെ പൂർണസംരക്ഷണം കമ്മിറ്റി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

കേരളത്തിൽ പഠിക്കണം

കേരളത്തിൽ തന്നെ നിൽക്കാനാണ് താത്പര്യമെന്ന് കുട്ടി കമ്മിറ്റിയെ അറിയിച്ചു. രക്ഷിതാക്കളെ ഇടയ്ക്കിടെ കാണണം. പക്ഷേ വീട്ടിലേക്ക് പോകാനാഗ്രഹമില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സെന്ററിൽ നിന്ന് പഠിക്കണം. ഈ വിവരം കമ്മിറ്റി മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്മ സമ്മതം അറിയിച്ചെങ്കിലും അച്ഛന് താത്പര്യമില്ല. കൗൺസിലിംഗിലൂടെ മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തി കുട്ടിയെ സി.ഡബ്ള്യു.സിയുടെ നേതൃത്വത്തിൽ പ്രത്യേക സെന്ററിൽ നിറുത്തി പഠിപ്പിക്കാനാണ് ശ്രമം.