തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സെപ്റ്റംബർ 2 ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കൺവീനർ എം.എം ഹസൻ അറിയിച്ചു.പ്രതിപക്ഷ
നേതാവ് വി.ഡി.സതീശൻ രാവിലെ പത്തിന് സംഗമം ഉദ്ഘാടനം ചെയ്യും.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള മൊഴികളിൽ അന്വേഷണത്തിന് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നാണ് സർക്കാരിനോട് യു.ഡി.എഫ് ആവശ്യപ്പെട്ടത്. പരാതി രേഖാമൂലം തന്നാൽ അന്വേഷിക്കാമെന്ന നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കോടതിയുടെ ഇടപെടൽ കൊണ്ടു മാത്രമാണ് വൈകിയെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചത്.ചലച്ചിത്ര അക്കാഡമി ചെയർമാനെതിരെ ആരോപണം ഉയർന്നപ്പോഴും വേട്ടക്കാരനെ സംരക്ഷിക്കുന്ന സ്ത്രീ വിരുദ്ധ നിലപാടാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ സ്വീകരിച്ചത്. അതിനെതിരായ ജനരോഷത്തിലാണ് സംവിധായകൻ കൂടിയായ രഞ്ജിത്തിന് രാജി വയ്ക്കേണ്ടി വന്നത്. വേട്ടക്കാരെ ന്യായീകരിച്ച മന്ത്രി രാജി വയ്ക്കണം. സർക്കാർ സ്ത്രീ വിരുദ്ധ നിലപാട് തിരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കുകയും വേണം.അന്വേഷണ സംഘം എത്രയും വേഗം നടപടികൾ പൂർത്തിയാക്കി പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ഹസൻ ആവശ്യപ്പെട്ടു.