ദൃശ്യം 3 തിരക്കഥ പൂർത്തിയാകുന്നു
മോഹൻലാൽ - ജീത്തു ജോസഫ് സൂപ്പർഹിറ്റ് കൂട്ടുകെട്ട് ദൃശ്യം 3നുവേണ്ടി അടുത്ത വർഷം ഒരുമിക്കുന്നു. ദൃശ്യം 3 ന്റെ തിരക്കഥാ രചനയിലാണ് ജീത്തു ജോസഫ്. അടുത്തവർഷം മദ്ധ്യത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. 2026 ലേക്ക് ചിത്രീകരണം നീളാനും സാദ്ധ്യതയുണ്ട്. മോഹൻലാലിനും ജീത്തുവിനും റാം പൂർത്തിയാക്കിനുണ്ട്. റാം ആദ്യ ഭാഗത്തിന് 50 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. എന്നാൽ റാം 2 പൂർത്തിയായതാണ്. എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാക്കിയശേഷം റാമിന്റെ തുടർ ചിത്രീകരണത്തിലേക്ക് മോഹൻലാൽ കടക്കും. ഡിസംബറിന് മുൻപ് റാം പൂർത്തിയാക്കാനാണ് മോഹൻലാലിന്റെ തീരുമാനം. ഡിസംബർ ആദ്യം സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാലിന് ജോയിൻ ചെയ്യണം. മോഹൻലാലും ശോഭനയും ഇടവേളയ്ക്കുശേഷം ഒരുമിക്കുന്ന തരുൺമൂർത്തി ചിത്രം ക്രിസ്‌മസ് റിലീസായാണ് പ്ളാൻ ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. അതേസമയം ഫഹദ് ഫാസിലുമായി ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് ജീത്തുവിന്റെ അടുത്ത സംവിധാന സംരംഭം. ജീത്തുവിന്റെ മോഹൻലാൽ ചിത്രം നേരിന് തിരക്കഥ എഴുതിയ ശാന്തിമായാദേവിയുടെ രചനയിലാണ് ഒരുങ്ങുന്നത്. ഇ ഫോർ എന്റർടെയ്‌ൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത ആണ് നിർമ്മാണം. 2015 ൽ റിലീസ് ചെയ്ത മോഹൻലാൽ - ജീത്തുജോസഫ് ചിത്രം ദൃശ്യം മലയാള സിനിമയുടെ ബോക്സോഫീസിൽ ചരിത്ര വിജയം നേടി കൊടുത്തിരുന്നു. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ, കലാഭവൻ ഷാജോൺ എന്നിവരുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന്റെ ഇതര ഭാഷാപതിപ്പുകളും പുറത്തിറങ്ങി. എന്നാൽ മലയാളത്തിൽ തന്നെയാണ് വമ്പൻ വിജയം നേടിയത്. 2022ൽ ദൃശ്യം 2 ഒ.ടി.ടി റിലീസായി എത്തിയപ്പോഴും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. മൂന്നാം വരവിൽ ജോർജുകുട്ടിയും കുടുംബവും തിയേറ്ററിലേക്കുതന്നെ വരികയാണ്. അനുയോജ്യമായ കഥ ലഭിക്കുകയും അത് മോഹൻലാലിന് ഇഷ്ടപ്പെടുകയും മുൻപോട്ട് പോകാൻ കഴിയുകയും ചെയ്താൽ ദൃശ്യം 3 പ്രതീക്ഷിക്കാമെന്ന് ജീത്തു മുൻപ് പറഞ്ഞിട്ടുണ്ട്.