പൂവാർ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റുമാരുടെ നിയമനത്തിൽ അപാകതകൾമൂലം തൊഴിൽദിനങ്ങൾ നഷ്ടപ്പെടുത്തുന്ന നടപടിയിൽ പ്രതിഷേധിച്ച് പൂവാർ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധത്തിൽ. മേറ്റുമാരുടെ നിയമനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 4-ാം വാർഡ് (കഞ്ചാംപഴിഞ്ഞി) മെമ്പർ ജോൺ ബ്രിട്ടാസ് തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ 12ന് ഓംബുഡ്സ്മാൻ അനുകൂല വിധി പ്രസ്താവിച്ചിട്ടും മേറ്റുമാരുടെ നിയമനവും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിലും നടപടികൾ ക്രമീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
പൂവാർ ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര വീഴ്ചകളാണ് ഓംബുഡ്സ്മാൻ കണ്ടെത്തിയിരിക്കുന്നത്.
1. 200ൽ അധികം തൊഴിലാളികളുള്ള 4-ാം വാർഡിൽ 5 മേറ്റുമാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. എന്നാൽ സമാനമായ വാർഡുകളിൽ പത്തും പന്ത്രണ്ടും മേറ്റുമാരെ നിയമിച്ചതായും ഓംബുഡ്സ്മാൻ കണ്ടെത്തി.
2.പഞ്ചായത്തിലെ മേറ്റുമാരുടെ നിയമനം കാലാകാലങ്ങളായി നിയമാനുസൃതമല്ലെന്നും ഓരോ വാർഡിലും വ്യത്യസ്ത രീതിയിലാണ് നിയമനം നടത്തിയിരിക്കുന്നതെന്നും ഇത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണെന്നും കണ്ടെത്തി.
3.എ.ഡി.എസ് /സി.ഡി.എസ് പ്രവർത്തനങ്ങൾ കാലങ്ങളായി കാര്യക്ഷമമല്ല. ഓരോ ഏജൻസിയും പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയുമാണ്.
പൂവാർ ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡിൽ മേറ്റുമാരുടെ നിയമനം സർക്കാർ ഉത്തരവ് പാലിച്ചുകൊണ്ട് 30 ദിവസത്തിനകം നടപ്പാക്കി മറുപടി നൽകാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഓംബുഡ്സ്മാൻ ഉത്തരവായി. കൂടാതെ അപ്പലേറ്റ് അതോറിട്ടി എന്ന നിലയിൽ കൂടുതൽ ചുമതലകൾ വഹിക്കുന്നതിന് പാറശാല ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക് അധികാരവും നൽകി.