കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം വെയിലൂർ ജംഗ്ഷന്‍ സമീപം കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ കാറിലിടിച്ച് 3 പേർക്ക് പരിക്കേറ്റു.കാർ യാത്രികർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവറിനുമാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തു നിന്ന് ഐസ് ക്രീം ഡെലിവറിക്കായി വന്ന പിക്കപ്പ് വാൻ കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നിയന്ത്രണം തെറ്റി ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു.ഉടൻ സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.പിക്കപ്പ് വാൻ റോഡിന് കുറുകെ മറിഞ്ഞതിനാൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് വീണ ഓയിലും പെട്രോളും ഫയർഫോഴ്സ് കഴുകി മാറ്റി.കെ.എസ്.ആർ.ടി.സി ബസ് അലക്ഷ്യമായി വന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.