ശിവഗിരി : സെപ്തംബർ 16, 17 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന ആഗോള പ്രവാസി സംഗമത്തിന്റെ ആദ്യദിനമായ 16ന് വൈകിട്ട് 7 ന് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഗുരുദേവഭക്തരുടെ കൂട്ടായ്മ സംഘടിപ്പിക്കും. കമ്മിറ്റി ചെയർമാൻ കെ. ജി. ബാബുരാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രവാസി സംഗമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിശദീകരിക്കും. ശിവഗിരിമഠത്തിന്റ വികസന പദ്ധതികളെക്കുറിച്ച് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. അബുദാബി ചെയർമാൻ കെ. മുരളീധരൻ, വൈസ് ചെയർമാന്മാരായ ഡോ. സുധാകരൻ, എ. വി. അനൂപ്, ജനറൽ കൺവീനർ ജയപ്രകാശ്, കൺവീനർ അമ്പലത്തറ രാജൻ, കോ- ഓർഡിനേറ്റർ അനിൽ തടാലിൽ എന്നിവരും പ്രവാസികളായ വിവിധ സംഘടനകളുടെ ഭാരവാഹികളും ചർച്ചകൾക്ക് നേതൃത്വം നല്കും. ഗുരുദേവസന്ദേശ പ്രചാരണത്തിൽ മഹത്തായ സംഭാവനകൾ നല്കിയ വ്യക്തികളെ പ്രവാസി മീറ്റിൽ ആദരിക്കും.
സ്വാമി അവ്യയാനന്ദ
സപ്തതി സമ്മേളനം
ശിവഗിരി : ശ്രീനാരായണ ഗുരുദേവ ശിഷ്യ പരമ്പരയിലെ അംഗവും ശിവഗിരി മാസിക ചീഫ് എഡിറ്ററുമായ സ്വാമി അവ്യയാനന്ദയുടെ സപ്തതി സമ്മേളനം ശനിയാഴ്ച ശിവഗിരിയിർ ഗുരുധർമ്മ പ്രചാരണസഭയുടെ ദൈവദശകം ശതാബ്ദി സ്മാരക മന്ദിരത്തിലെ സെമിനാർ ഹാളിൽ നടക്കും.
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ ചെയർമാനായ സംഘാടക സമിതിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ന് നടക്കുന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും, ബ്രഹ്മചാരികളും, സ്വാമി അവ്യയാനന്ദയുടെ സുഹൃത്തുക്കളും സംബന്ധിക്കും. വയനാട് ദുരന്ത പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കി.
അയ്യങ്കാളി ജയന്തി ആഘോഷം നാളെ
തിരുവനന്തപുരം: സാമൂഹ്യപരിഷ്കർത്താവായ മഹാത്മ അയ്യങ്കാളിയുടെ 161-ാമത് ജയന്തി ആഘോഷം നാളെ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദിനാചരണം, ക്വിസ് മത്സരം, ശുചിത്വ സെമിനാർ തുടങ്ങി വിപുലമായ പരിപാടികളോടെ നടക്കും.
വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും.
ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 ന് മണ്ണന്തല അംബേദ്കർ ഭവനിൽ എം.ആർ.എസ് സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരം നടത്തും. അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂരിൽ നാളെ രാവിലെ10ന് നടക്കുന്ന സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.