കിളിമാനൂർ: വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടി സ്വർണപ്പണയവ്യാപാരമേഖല. പരിചയ സമ്പന്നരായ അപ്രൈസർമാരെ വരെ കബളിപ്പിക്കാൻ പറ്റിയ ഹാൾമാർക്ക് മുദ്രകളും സ്വർണവ്യാപാരസ്ഥാപനങ്ങളുടെ സീലുകളും ഒറിജിനൽ തോൽക്കും വിധത്തിലുള്ള ഡിസൈനുകളുമായാണ് വ്യാജന്മാർ വിലസുന്നത്.
പണയം വയ്ക്കാൻ വരുന്നവരുടെ പക്കൽ നിന്ന് തിരിച്ചറിയൽ രേഖയുടെ കോപ്പി വാങ്ങിയാണ് സ്ഥാപനങ്ങൾ പണയമെടുക്കുന്നത്. മുതലെടുക്കാതെ വന്നാൽ പോലും വിറ്റാൽ പണം കിട്ടുമെന്നതിനാൽ സ്ഥാപനങ്ങൾ പണയമെടുക്കും.
എന്നാൽ വ്യാജന്മാർ വൻ തുകയ്ക്ക് വ്യാജസ്വർണം പണയം വച്ച് പണം തട്ടുകയാണ്. പണയമെടുക്കാതെയാകുമ്പോൾ നടത്തുന്ന വിദഗ്ദ്ധപരിശോധനയിലാണ് പണയം വച്ചിരിക്കുന്നത് വ്യാജ സ്വർണമാണെന്ന് തിരിച്ചറിയുന്നത്.
തന്നിരിക്കുന്ന അഡ്രസ് പോലും വ്യാജമായിരിക്കും.
സാധാരണഗതിയിൽ അപ്രൈസർമാർ സ്വർണമാലയാണെങ്കിൽ കൊളുത്തിന്റെ ഭാഗമായിരിക്കും ഉരച്ചു നോക്കുന്നത്. അതുകൊണ്ട് വ്യാജ സ്വർണമാല,കൈ ചെയിൻ,പാദസ്വരം എന്നിവയിൽ കൊളുത്തും അതുവരുന്ന ഭാഗവും മാത്രയായിരിക്കും ഒറിജിനൽ ഗോൾഡ്. വളയാണെങ്കിൽ പുറത്തെ കോട്ടിംഗ് മാത്രം ഗോൾഡായിരിക്കും. ഇത് സാധാരണ പരിശോധനയിൽ കണ്ടെത്താനാകില്ല.
കഴിഞ്ഞ ഓണസീസണിൽ വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിൽ നിരവധി മുക്കുപണ്ട പണയ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈയിടയ്ക്ക് കിളിമാനൂർ,ആറ്റിങ്ങൽ മേഖലകളിലും സമാന തട്ടിപ്പ് നടന്നു.