പിരിഞ്ഞുകിട്ടിയ 40 ലക്ഷവും ആവിയായി
തിരുവനന്തപുരം: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സഹകരണസംഘത്തിലെ തട്ടിപ്പിനെതിരെ നൽകിയ പരാതികളിൽ കൂടുതൽ കേസുകളെടുത്ത് പൊലീസ്. ഇന്നലെവരെ ഫോർട്ട് സ്റ്റേഷനിൽ 15ഉം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഒരുകേസും രജിസ്റ്റർ ചെയ്‌തു. തിരുവനന്തപുരം സ്വദേശി ജൈദയാണ് 3.5 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്ന് കാട്ടി ഇന്നലെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പരാതി നൽകിയത്.
കേസുമായി ബന്ധപ്പെട്ട് ഒരുദിവസം നാലുപേരെ വീതം മൊഴിയെടുക്കാൻ വിളിപ്പിക്കുന്നുണ്ട്. ആരോപണങ്ങൾ സാധൂകരിക്കുന്ന രേഖകളും തെളിവും ഹാജരാക്കുന്നവരുടെ പരാതികളാണ് നിലവിൽ രജിസ്റ്റർ ചെയ്യുന്നത്. തിരുവിതാംകൂർ സഹകരണ സംഘത്തിന് തകരപ്പറമ്പ്,മണക്കാട്,കണ്ണമ്മൂല,ശാസ്തമംഗലം എന്നിങ്ങനെ നാല് ശാഖകളാണുള്ളത്.
കേസ് ഏറ്റെടുക്കാൻ
അപേക്ഷ നൽകും
സംഘത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫോർട്ട് പൊലീസ് ക്രൈംബ്രാഞ്ച് സാമ്പത്തിക വിഭാഗത്തിന് ഇന്നോ
നാളെയോ കത്ത് നൽകും. മൂന്നുകോടി രൂപയിൽ കൂടുതലുള്ള സാമ്പത്തിക തട്ടിപ്പായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
തകരപ്പറമ്പ് ശാഖയിൽ മാത്രം
10 കോടിയുടെ തിരിമറി
തകരപ്പറമ്പ് ശാഖയിലുള്ളവർക്ക് മാത്രം 10 കോടിയോളം രൂപ തിരിച്ചുനൽകാനുണ്ട്. മറ്റ് ശാഖകളിലുൾപ്പെടെ 42 കോടിയുടെ അധികബാദ്ധ്യതയാണ് സംഘത്തിലുള്ളത്. കണ്ണമ്മൂല ശാഖയിലെ 20ഓളം നിക്ഷേപകർ മെഡിക്കൽ കോളേജ് പൊലീസിൽ ഇന്നലെ പരാതി നൽകി.
സാമ്പത്തിക അച്ചടക്കമില്ല,
കൂടെ ധൂർത്തും
ബി.ജെ.പി മുൻ സംസ്ഥാന വക്താവ് എം.എസ്.കുമാർ 19 വർഷം പ്രസിഡന്റായിരുന്ന സംഘത്തിലെ ഇടപാടുകാരിൽ ഭൂരിഭാഗം പേരും ബി.ജെ.പി നേതാക്കളും അനുഭാവികളുമാണ്. പാർട്ടിയുടെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ചതിനാൽ പറ്റിക്കപ്പെടുമെന്ന് ചിന്തിച്ചിരുന്നില്ലെന്നാണ് ഇടപാടുകാർ പറയുന്നത്. ഭരണസമിതിയുടെ ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്‌മയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് സഹകരണ ഇൻസ്‌പെക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും നിക്ഷേപത്തുക നാലുവർഷത്തിനുള്ളിൽ തിരിച്ചുനൽകുമെന്നുമാണ് മുൻ പ്രസിഡന്റ് എം.എസ്.കുമാറിന്റെ വാദം. എന്നാൽ എം.എസ് കുമാർ ഒളിവിലാണെന്നും ഫോണെടുക്കുന്നില്ലെന്നും ഇടപാടുകാർ ആരോപിക്കുന്നു.
40 ലക്ഷവും ആവിയായി
തിരുവിതാംകൂർ സഹകരണ സംഘത്തിൽ ആഗസ്റ്റിൽ പിരിഞ്ഞുകിട്ടിയ 40 ലക്ഷത്തോളം രൂപയും ആവിയായി. ഈ പണം ആർക്ക് നൽകിയെന്ന അന്വേഷണവുമായി നിക്ഷേപകർ രംഗത്തിറങ്ങി. ആഗസ്റ്റ് 20വരെ 39.60 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയതിന്റെ രേഖ സഹകരണ സംഘത്തിലുണ്ട്. ഈ തുക പലർക്കായി കൊടുത്തുതീർത്തുവെന്നാണ് അധികൃതരുടെ വാദം. എന്നാൽ പരാതിക്കാരായ നൂറോളം നിക്ഷേപകർക്കും പണം ലഭിച്ചിട്ടില്ല. ഇന്ന്
പനവിളയിലെ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ പോയി പണം നൽകിയതിന്റെ രേഖകൾ പരിശോധിക്കുമെന്ന് നിക്ഷേപകർ വ്യക്തമാക്കി.