arrest

ആര്യനാട്: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ കേസിൽ മൂന്നുപേർ ആര്യനാട് പൊലീസിന്റെ പിടിയിലായി. പുനലാൽ ചക്കിപ്പാറ മരുതിക്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന രതീഷ്(38),പുനലാൽ കാനക്കുഴി ദിവ്യ ഭവനിൽ വസന്ത(60),പുനലാൽ ലെനിൻരാജ് ഭവനിൽ രാജു എന്ന് വിളിക്കുന്ന റോബിൻസൺ(68) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നൂറ്റമ്പതോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.ഇവർ നേരത്തേയും നിരോധിത ലഹരിവസ്തുക്കൾ വില്പന നടത്തിയതിന് പിടിയിലായിട്ടുള്ളവരാണ്. ഓണത്തോടനുബന്ധിച്ച് ആര്യനാട് പൊലീസ് നിരോധിത ലഹരിവസ്തുക്കൾക്കും വ്യാജവാറ്റ് തടയുന്നതിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്. വരും ദിവസങ്ങളിലും സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ റെയ്‌ഡ് നടത്തുമെന്ന് എസ്.എച്ച്.ഒ വി.എസ്.അജീഷ് അറിയിച്ചു. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചക്കിപ്പാറ ഭാഗത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ്,എസ്.ഐ വേണു,എ.എസ്.ഐ ഷിബു,സി.പി.ഒമാരായ ഷിബു അൻസിൽ,മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.