movie

തിരുവനന്തപുരം:സിനിമാ സംഘടകൾ വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ മടിച്ചതിന് സർക്കാർ തന്നെ പ്രതിക്കൂട്ടിലായിയിട്ടും എല്ലാ പ്രശ്നത്തിനും 'ഒറ്റമൂലി' എന്ന് വിശേഷിപ്പിച്ച് സിനിമാ കോൺക്ലേവുമായി സാംസ്കാരിക വകുപ്പ് മുന്നോട്ട്. ഇതിനായി സി.പി.പി.ആർ എന്ന സ്വകാര്യ ഏജൻസിക്ക് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു.

അതേസമയം, കോൺക്ലേവിൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്ന സിനിമാനയം രൂപീകരിക്കാനുള്ള സമിതിയിലെ അംഗമായ എം.മുകേഷ് എം.എൽ.എ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഒരു നടിയുടെ വെളിപ്പെടുത്തൽ സർക്കാരിന് തിരിച്ചടിയായി. ആരോപണ വിധേയരെ കോൺക്ലേവിൽ പങ്കെടുപ്പിക്കരുതെന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ തുറന്നടിക്കുകയും ചെയ്തു.

വിവാദങ്ങൾക്കു മുമ്പു തന്നെ ഹേമ കമ്മിറ്റി റിപ്പോ‌ട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ നയം ആവിഷ്‌കരിക്കാനുള്ള സമിതി സർക്കാർ രൂപീകരിച്ചിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുൺ ചെയർമാനും സാസ്കാരിക വകുപ്പ് സെക്രട്ടറി കൺവീനറുമായ സമിതിയിൽ മുകേഷിന് പുറമെ മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരെയാണ് ഉ8പ്പെടുത്തിയത്. എല്ലാവരുടേയും അനുമതി ചോദിച്ചിരുന്നില്ല. മഞ്ജുവാര്യരും രാജീവ് രവിയും ഒഴിവായി. പകരം സിനിമയെ കുറിച്ച് അവഗാഹവും നയരൂപീകരണത്തിൽ കാഴ്ചപ്പാടുമുള്ളവരെ നിയോഗിച്ചതുമില്ല.

സമിതി രൂപീകരിച്ചപ്പോൾ മിനി ആന്റണിയായിരുന്നു സാസ്കാരികവകുപ്പ് സെക്രട്ടറി ഇപ്പോൾ രാജൻ ഖോബ്രഗഡെയാണ്. 30ന് അദ്ദേഹം പങ്കെടുക്കുന്ന ആദ്യ യോഗം നടക്കും. നവംബർ 23, 24 തീയതികളിൽ കൊച്ചിയിൽ കോൺക്ലേവ് നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം.

കോൺക്ലേവ് ആർക്കു വേണ്ടി?

കോൺക്ലേവിൽ പങ്കെടുക്കേണ്ടെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' തീരുമാനിച്ചു. പങ്കെടുക്കില്ലെന്ന് വിമെൻ ഇൻ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി.) നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിലും പങ്കെടുക്കേണ്ട എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ കോൺക്ലേവിന്റെ ആവശ്യമില്ലെന്ന് സി.പി.ഐ. നേതാവ് ആനിരാജയും വ്യക്തമാക്കിയിരുന്നു.

''1940 മുതലുള്ള വിവര ശേഖരണമാണ് സ്വകാര്യ ഏജൻസി നടത്തുന്നത്. രാജ്യത്തേയും വിദേശത്തേയും സിനിമാ പ്രമുഖരെ കോൺക്ലേവിൽ എത്തിക്കാനാണ് ശ്രമം''

- ഷാജി എൻ.കരുൺ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ