തിരുവനന്തപുരം: നഗരത്തിൽ 38 പേരെ കടിച്ച തെരുവുനായ്ക്കളിൽ ഒരെണ്ണത്തിനെ ഇതുവരെ പിടികൂടിയില്ല. സംഭവത്തിൽ രണ്ട് നായ്‌ക്കളുണ്ടാകാമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഒരെണ്ണത്തിനെ കഴിഞ്ഞ ദിവസം പിടികൂടി പേട്ടയിലെ വെറ്ററിനറി കേന്ദ്രത്തിൽ കൂട്ടിലാക്കിയിട്ടുണ്ട്. നിലവിൽ നായയുടെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ലെന്ന് അധികൃതർ പറഞ്ഞു. പേവിഷബാധയാണെങ്കിൽ മൂന്ന് ദിവസത്തിനകം ചത്തുപോകും.പേവിഷയല്ലായെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വൈറൻ രോഗമാണോയെന്നും നിരീക്ഷിക്കും.

തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. മുൻപ് 'കാവ' സംഘടനയുമായി സഹകരിച്ച്‌ 52‌ വാർഡിൽ വാക്സിനേഷൻ നടത്തിയിരുന്നു. ശേഷിക്കുന്ന 48 വാർഡിലെ വാക്സിനേഷൻ പൂർത്തിയാക്കാൻ കോർപറേഷനുമായുള്ള ധാരണപത്രം ഇന്ന് ഒപ്പിടും.
ഇതിന് തുടർച്ചയായി ആറ്‌ മാസത്തിന് മുകളിൽ പ്രായമുള്ള നായ്ക്കളെ വന്ധ്യംകരണത്തിന്‌ വിധേയമാക്കും. ഗർഭിണിയായതോ മുലയൂട്ടുന്നതോ ഏതെങ്കിലും തരത്തിലുള്ള അസുഖം ബാധിച്ചതോ ആയ നായ്‌ക്കളെ വന്ധ്യംകരണം നടത്തില്ല. പേവിഷബാധ സംശയിക്കുന്ന നായ‌്ക്കളെ പിടികൂടി പത്ത്‌ ദിവസം നിരീക്ഷിക്കും. ചാവുകയാണെങ്കിൽ പാലോട്‌ സ്‌റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആനിമൽ ഡിസീസിൽ എത്തിച്ച്‌ പരിശോധന നടത്തും. മറിച്ചായാൽ 1,3,7,14,28 ദിവസങ്ങളിൽ വാക്സിനേഷൻ നൽകി പിടികൂടിയ സ്ഥലത്ത്‌ തന്നെ തിരികെ വിടും.