വകുപ്പ് മേധാവികൾക്ക് പ്രിൻസിപ്പലിന്റെ താക്കീത്.

തിരുവനന്തപുരം :മെഡിക്കൽ കോളേജ് ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചികിത്സാ ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്താൻ വകുപ്പ് മേധാവികളുടെ ഭാഗത്ത് അലംഭാവം.യന്ത്രങ്ങളുടെ അറ്റകുറ്റപണി കരാറും വാറന്റിയും അവസാനിക്കുന്നതിന് മുമ്പ് പ്രിൻസിപ്പൽ ഓഫീസിൽ അറിയിക്കാതെ കേടാകുന്നത് വരെ കാത്തിരിക്കും.ഇതോടെ രോഗികൾ ചികിത്സ കിട്ടാതെ വലയും.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിഷയത്തിൽ ഇടപെട്ട് വകുപ്പ് മേധാവികൾക്ക് അടുത്തിടെ താക്കീതും നൽകി. ബയോമെഡിക്കൽ വിഭാഗത്തിന്റെ നിരീക്ഷണവും ഏർപ്പെടുത്തി.

മൂന്നു മാസം മുമ്പ് പ്രിൻസിപ്പൽ ഓഫീസിൽ അപേക്ഷ നൽകണമെന്നാണ് നിർദ്ദേശം. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കുലർ നൽകിയെങ്കിലും ഭൂരിഭാഗം വകുപ്പ് മേധാവികളും അത് അവഗണിച്ചു. മറ്റുചിലർ മതിയായ രേഖകളില്ലാതെയാണ് അപേക്ഷ സമർപ്പിക്കും. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൽ കർശന നിർദ്ദേശം നൽകിയത്. അപേക്ഷ മൂന്നുമാസം മുമ്പ് കൃത്യമായി ലഭിച്ചാൽ മാത്രമേ പ്രിൻസിപ്പൽ ഓഫീസിൽ നിന്ന് ഡി.എം.ഇയിലേക്ക് കൈമാറാനാകൂ. യന്ത്രങ്ങൾ തകരാറിലായി ജനങ്ങൾ വലയുമ്പോൾ മാദ്ധ്യങ്ങളിലൂടെയാണ് പലപ്പോഴും ആശുപത്രി അധികൃതർ ഇക്കാര്യം അറിയുന്നത്. ഈ യന്ത്രങ്ങളിലെ സേവനത്തിന് രോഗികളിൽ നിന്ന് യൂസർ ഫീയും ഈടാക്കുന്നുണ്ട്. അതിനാൽ

ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വകുപ്പ് മേധാവികളുടെ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയ അപേക്ഷ,തുകയും കാലാവധിയും രേഖപ്പെടുത്തിയ കമ്പനിയുടെ പ്രപ്പോസൽ, സപ്ലൈഓഡറിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടതെന്നും മേധാവികൾക്ക് താക്കീത് നൽകി.

താത്പര്യം പുതിയ യന്ത്രങ്ങളോട്

റേഡിയോ ഡയ്ഗ്നോസിസ്,ന്യൂറേളജി,നെഫ്രോളജി,യൂറോളജി,കാർഡിയോ വാസ്‌കുലർ തൊറാസിക് സർജറി,കാർഡിയോളജി,മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി തുടങ്ങിയ വിഭാഗങ്ങളിലെ

കോടികൾ വിലയുള്ള യന്ത്രങ്ങൾ അറ്റകുറ്റപണി നടത്തി വർഷങ്ങളോളം ഉപയോഗിക്കാമെങ്കിലും യഥാസമയം അറ്റകുറ്റപണി നടത്താതെ വീഴ്ചവരുത്തുന്നതായാണ് ആക്ഷേപം. കേടായതിന് ശേഷം അപേക്ഷ നൽകിയാൽ മൂന്നുമാസത്തിലേറെ കാത്തിരിക്കണം. നിരന്തരം ഉപയോഗിക്കാതിരുന്നാൽ യന്ത്രങ്ങളുടെ തകരാറുകൾ വർദ്ധിക്കും. ഇതോടെ പുതിയ യന്ത്രം വാങ്ങുന്നതിലേക്ക് കടക്കും. കാലതാമസമെടുത്താലും പലർക്കും പുതിയ യന്ത്രങ്ങൾ വാങ്ങുന്നതിനോടാണ് താത്പര്യം. ഇക്കാലയളവിൽ പാവപ്പെട്ട രോഗികൾ വലയുമെന്ന് മാത്രം.