പൂവാർ: കാഞ്ഞിരംകുളം ജംഗ്ഷനിലെ ജി.പി.എസ് തട്ടുക്കടയിൽ തീപിടിത്തം.കാഞ്ഞിരംകുളം സ്വദേശിയും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ കഴക്കൂട്ടം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വി.എസ്.സുജന്റെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം.ഇന്നലെ വൈകിട്ട് 5.30ഓടെയാണ് തട്ടുകടയിൽ തീപിടിത്തമുണ്ടായത്.ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ലീക്കാണ് തീപിടിത്തത്തിന് കാരണം.
അടുത്ത കടകളിൽ നിന്ന് കൊണ്ടുവന്ന ചാക്കുകൾ വെള്ളത്തിൽ മുക്കി ഗ്യാസ് സിലിണ്ടറിൽ ഇട്ടെങ്കിലും തീ കെടാത്തതിനാൽ സമീപത്തെ കടകളിൽ നിന്ന് കൊണ്ടുവന്ന ഫയർ എക്സിറ്റിൻക്യുഷർ ഉപയോഗിച്ച് സുജൻ തീയണയ്ക്കുകയായിരുന്നു. കാഞ്ഞിരംകുളം വ്യാപാരി വ്യവസായി ദയാനന്ദൻ,സനൽ,ചക്കു,അടുത്ത തട്ടുകടയിലെ സുരേന്ദ്രൻ,ജൂവലറി ഉടമസ്ഥൻ നീലകണ്ഠൻ,ശ്രീകണ്ഠൻ എന്നിവരും ഫയർഫോഴ്സ് ഉദ്യോഗസ്ഥനോടൊപ്പം തീയണക്കാൻ കൂടി.തീയണച്ച ശേഷം ദയാനന്ദന്റെ കടയിൽ നിന്ന് ഹോസിൽ വെള്ളമെത്തിച്ച് ഗ്യാസ് സിലിണ്ടർ തണുപ്പിച്ചു.പൂവാർ ഫയർഫോഴ്സെത്തി ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് ഉരുകി ഒട്ടിപ്പിടിച്ചിരുന്ന റെഗുലേറ്റർ വേർപ്പെടുത്തി. കാഞ്ഞിരംകുളം പൊലീസിന്റെ അറിയിപ്പിനെ തുടർന്നാണ് പൂവാർ ഫയർഫോഴ്സ് സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങൾ നടത്തിയത്.