തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി.) വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് ആവശ്യപ്പെട്ടു.
ഓഫീസർമാരും ജീവനക്കാരും അഞ്ചു ദിവസത്തെ ശമ്പളം നൽകണമെന്നാണ് കെ.എസ്.ഇ.ബിയുടെ ഉത്തരവ്. മാറ്റങ്ങളോ വിസമ്മതമോ അറിയിക്കാത്തവരിൽ നിന്നെല്ലാം അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുമെന്നും ശമ്പളം നൽകുന്നവർ 29നു മുൻപ് രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിലുണ്ട്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിസമ്മതപത്രം ആവശ്യപ്പെടുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പിഎസ്. പ്രശാന്ത് പറഞ്ഞു.