തിരുവനന്തപുരം: കരച്ചിലടക്കാനാവാതെ അവൾ അച്ഛന്റെ നെഞ്ചിൽ ചേർന്നുനിന്നു. കണ്ണീരോടെ മകളെ ആശ്ളേഷിച്ച അച്ഛന് ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അവളെ കിട്ടിയതിന്റെ ആശ്വാസം. പിതാവ് അൻവർ ഹുസൈൻ,അമ്മ പർവിൻ ബീഗം എന്നിവർക്കൊപ്പം ഇളയകുട്ടികളും ഇന്നലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ആസ്ഥാനത്തെത്തി.
മാതാപിതാക്കൾക്കൊപ്പം കുട്ടിയെ മീഡിയയ്ക്ക് മുന്നിലെത്തിച്ച് സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷാനിബ ബീഗം കുട്ടിയെ ചേർത്തുപിടിച്ചു. വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ അസാം ബാലിക മാതാപിതാക്കളെ കണ്ടുമുട്ടിയ രംഗം അതീവ വൈകാരിക മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ കഴക്കൂട്ടത്തു നിന്ന് കാണാതായത്. ഞായറാഴ്ച രാത്രി പൊലീസ് സംഘം തലസ്ഥാനത്തെത്തിച്ച കുട്ടിയെ സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷാനിബ ബീഗത്തിന്റെ നേതൃത്വത്തിൽ ഏറ്രുവാങ്ങി ശിശുക്ഷേമസമിതിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 11.30യോടെ ചെയർപേഴ്സണിന്റെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ സ്‌പെഷ്യൽ സിറ്റിംഗിൽ കുട്ടിയുമായി സംസാരിച്ചു. ശേഷം മാതാപിതാക്കളുമായും പ്രത്യേക സിറ്റിംഗ് ഉണ്ടായിരുന്നു. അതുകഴിഞ്ഞാണ് കുട്ടിയെ മാതാപിതാക്കളെ കാണാൻ അനുവദിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ സ്നേഹിത എന്ന പ്രത്യേക കൗൺസലിംഗ് സെന്ററിലേക്ക് മാറ്രിയിട്ടുണ്ട്.