തിരുവനന്തപുരം: ഇന്നലെ നഗരത്തിൽ നടന്ന ശോഭായാത്രയിൽ വർണച്ചേല ചുറ്റിയും മയിൽപ്പീലിചൂടിയും നിഷ്‌കളങ്ക ബാല്യങ്ങൾ ഉണ്ണിക്കണ്ണന്റെ കുസൃതികൾ ഓർമ്മിപ്പിച്ച് ലീലകളാടി. സ്ത്രീകളും കുട്ടികളുമടക്കം ജനസഞ്ചയമാണ് യാത്രയിൽ അണിചേർന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്ര കാണാനായി പതിനായിരങ്ങളാണ് പാളയം മുതൽ കിഴക്കേകോട്ടവരെ അണിനിരന്നത്. കാളിയമർദ്ദനം, ഗോവർദ്ധനോദ്ധാരണം, അനന്തശയനം, ഗീതോപദേശം, ആലിലയിൽ പള്ളികൊള്ളുന്ന കണ്ണൻ,കുചേലവൃത്തം,പൂതനാമോക്ഷം തുടങ്ങി കൃഷ്ണകഥയിലെ അവിസ്മരണീയ മുഹൂർത്തങ്ങളെല്ലാം ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. വാദ്യമേളവും മുത്തുക്കുടകളും ഭജനസംഘങ്ങളും അകമ്പടിയൊരുക്കി.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട ആഘോഷത്തിൽ വൃക്ഷപൂജ,ഗോപൂജ, കലാസാഹിത്യമത്സരങ്ങൾ,ഗോപികാനൃത്തം,ഉറിയടി എന്നിവ നടന്നു. പുണ്യമീ മണ്ണ്,പവിത്രമീ ജന്മം എന്ന സന്ദേശത്തോടെയായിരുന്നു ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷം.
പാളയം ഗണപതിക്ഷേത്രത്തിൽ നിന്നു ഇന്നലെ വൈകിട്ട് നാലിന് ആരംഭിച്ച ശോഭായാത്ര കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പാളയം മുതൽ സ്റ്റാച്യു വരെ അദ്ദേഹം യാത്രയുടെ മുൻനിരയിൽ നടന്നു.കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.മോഹൻകുന്നുമ്മൽ ഗോകുലപതാക ഉയർത്തി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷം നടന്നു. വൈകിട്ട് അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ ഭഗവാന്റെ ബാലവിഗ്രഹങ്ങളുടെ ദർശനമുണ്ടായിരുന്നു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ പാറശാല,നെയ്യാറ്റിൻകര,മലയിൻകീഴ്,നെടുമങ്ങാട്,പാലോട്,പോത്തൻകോട്,വെഞ്ഞാറമ്മൂട്, ആറ്റിങ്ങൽ,വർക്കല,കാട്ടാക്കട എന്നിവിടങ്ങളിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലെല്ലാം കൃഷ്ണജയന്തി നാളിൽ പ്രത്യേകപൂജകളും ആഘോഷവും ശോഭായാത്രയും ഉണ്ടായിരുന്നു.