തിരുവനന്തപുരം: ഗുണ്ടാപ്പിരിവിന്റെ പേരിൽ ബ്യൂട്ടിപാർലർ അടിച്ചുതകർത്ത സംഭവത്തിൽ മൂന്നുപേരെ മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തു. പേയാട് സ്വദേശി വിഷ്ണു (31),വഴുതക്കാട് ലെനിൻ നഗറിൽ ശ്രീജു (30),വഴുതക്കാട് വിഘ്‌നേശ്വര നഗറിൽ ശ്രീജിത് (32) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ കവടിയാർ ഫോറസ്റ്റ് ലെയ്‌നിലെ ബ്യൂട്ടി പാർലറിലാണ് സംഭവം. അഞ്ചുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. എല്ലാ മാസവും 15,000 രൂപ വീതം ആവശ്യപ്പെട്ടാണ് സംഘമെത്തിയതെന്നും പണം നൽകിയില്ലെങ്കിൽ കട നടത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഉടമ കവടിയാർ സ്വദേശി രോഷ്‌നി പൊലീസിന് മൊഴി നൽകി. ആവശ്യം നിഷേധിച്ചതോടെ കടയിലുണ്ടായിരുന്ന 40,000 രൂപ വിലവരുന്ന വോക്കിടോക്കി അടക്കമുള്ള സാധനങ്ങൾ തല്ലിത്തകർത്തു. ബഹളം കേട്ട് ആളുകൂടിയതോടെ സ്ഥലംവിട്ട പ്രതികളിൽ മൂന്നുപേരെ പിന്നീട് പൊലീസ് പാളയത്ത് നിന്ന് പിടികൂടുകയായിരുന്നു. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.