കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും സമരചരിത്രത്തിലും ജ്വലിക്കുന്ന ഏടുകൾ എഴുതിച്ചേർത്ത്, തൊഴിലാളി പ്രസ്ഥാനത്തിന്റെ നെടുന്തൂണായി നിലകൊണ്ട കെ. പങ്കജാക്ഷൻ കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞിട്ട് ഇന്ന് പന്ത്രണ്ടു വർഷം പിന്നിടുന്നു. ചവറയിലെ കരിമണൽ തൊഴിലാളികൾ നടത്തിയ രൂക്ഷസമരം അടിച്ചമർത്താൻ 1955- 56ൽ പനമ്പിള്ളിയുടെ തിരു- കൊച്ചി സർക്കാർ പല ഉപായങ്ങളും പ്രയോഗിച്ചപ്പോൾ, സമരമുഖം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റാൻ തീരുമാനിച്ച ആർ.എസ്.പി നേതൃത്വം സമര നായകമായി നിശ്ചയിച്ചത്, അന്ന് ഇരുപത്തിയെട്ടു വയസു മാത്രമുള്ള കെ. പങ്കജാക്ഷനെയായിരുന്നു. ചവറ, കൊല്ലം എന്നിവിടങ്ങളിൽ നിന്നെത്തിയ മുന്നൂറോളം സമരഭടന്മാരുമായാണ് പങ്കജാക്ഷൻ സെക്രട്ടേറിയറ്റ് മന്ദിരത്തിലേക്കു കുതിച്ചത്. അപ്രതീക്ഷിത മുന്നേറ്റത്തിൽ നാലുനിര പൊലീസ് വലയം ഭേദിച്ച് അവർ നിയമസഭാ കവാടത്തിനു മുന്നിലെത്തുകയും ചെയ്തു.
ഞെട്ടിത്തരിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ലാത്തിച്ചാർജിന് ഉത്തരവിട്ടു. മൃഗീയമായിരുന്നു പൊലീസ് മർദ്ദനം. സമരനായകനായ പങ്കജാക്ഷനാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഏറ്റവും അധികം ഇരയായത്. പങ്കജാക്ഷനെ വളഞ്ഞിട്ട് തല്ലിച്ചതച്ച പൊലീസ് സംഘം അദ്ദേഹത്തെ ബൂട്ട്സിട്ട് ചവിട്ടിയരച്ചു. തൂക്കിയെടുത്ത് കന്റോൺമെന്റ് സ്റ്റേഷനിലേക്കു കൊണ്ടുപോയിട്ടും കലിയടങ്ങാത്ത പൊലീസുകാർ പങ്കജാക്ഷനെ വീണ്ടും തല്ലി. വിവരമറിഞ്ഞ് നിയമസഭയിൽ പ്രതിപക്ഷ ബഹളമായി. ബേബിജോൺ, കെ. ബാലകൃഷ്ണൻ, ടി.വി. തോമസ് എന്നിവർ സ്റ്റേഷനിലേക്ക് പാഞ്ഞെത്തി. കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുമ്പോൾ പങ്കജാക്ഷനെ വീണ്ടും അറസ്റ്റു ചെയ്യാനായിരുന്നു സർക്കാർ നിർദ്ദേശമെങ്കിലും, പൊലീസിന്റെ കണ്ണു വെട്ടിച്ച് ബേബിജോൺ അദ്ദേഹത്തെ പുറത്തെത്തിച്ച് നേരെ ചവറയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് റബർ വർക്സിൽ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കാനുള്ള പണിമുടക്ക് ഒത്തുതീർക്കാൻ സർക്കാർ തയ്യാറല്ലെന്നു വന്നതോടെ, യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന കെ. പങ്കജാക്ഷൻ വ്യവസായ മന്ത്രി കെ.പി. ഗോപാലന്റെ വസതിക്കു മുന്നിൽ നിരാഹാര സമരം തുടങ്ങി. എട്ടാംനാളിൽ പങ്കജാക്ഷനെ പൊലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കി. അവിടെ നിന്നിറങ്ങി, മന്ത്രിമന്ദരത്തിനു മുന്നിൽ നിരാഹാരം തുടർന്ന അദ്ദേഹത്തെ പൊലീസ് വീണ്ടും അറസ്റ്റുചെയ്ത് ഭ്രാന്തന്മാരെ കിടത്തുന്ന ഒറ്റസെല്ലിൽ അടച്ചു. പതിനഞ്ചാം ദിനം അർദ്ധരാത്രി സെല്ലിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഉണർന്ന അദ്ദേഹം കണ്ടത് 'കേരളകൗമുദി" പത്രാധിപർ കെ. സുകുമാരനെയും ഒപ്പമുണ്ടായിരുന്ന കെ. ബാലകൃഷ്ണനെയുമാണ്. താൻ ഇടപെട്ട് സമരം ഒത്തുതീർപ്പാക്കിയ വിവരം അറിയിച്ച പത്രാധിപർ നൽകിയ നാരങ്ങാനീരു കുടിച്ച് പങ്കജാക്ഷൻ ഉപവാസം അവസാനിപ്പിച്ചു.
1940-കളുടെ രണ്ടാം പകുതി മുതൽ 1950-കൾ വരെയുള്ള ഒന്നര ദശകം സംഭവബഹുലമായ തൊഴിലാളി സമരങ്ങൾക്കു നടുവിലായിരുന്നു പങ്കജാക്ഷൻ. തിരുവനന്തപുരം നഗരസഭയിലെ സ്കാവഞ്ചിംഗ് ഏർപ്പാടിന് അന്ത്യം കുറിക്കാൻ ഇടയാക്കിയ നഗരസഭാ തൊഴിലാളികളുടെ സമരം, ബ്രൈമൂർ - വിതുര തോട്ടം തൊഴിലാളി സമരം, ചാലയിലെ ചുമട്ടുതൊഴിലാളി സമരം, സ്വകാര്യ ബസ് തൊഴിലാളി സമരം, ഗവ. പ്രസ് ജീവനക്കാരുടെ സമരം, ക്ഷേത്ര ജീവനക്കാരുടെ സമരം, ടൈറ്റാനിയം ഫാക്ടറി സമരം, വിജയമോഹിനി മിൽസ് സമരം എന്നിവയുടെയെല്ലാം വിജയത്തിനു പിന്നിൽ പങ്കജാക്ഷന്റെ പങ്ക് വലുതായിരുന്നു.
പൊതുമരാമത്ത്, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായിരിക്കെ ഗൂഢ താത്പര്യങ്ങളുള്ളവരെ അകറ്റിനിറുത്താൻ അദ്ദേഹം കാണിച്ച ജാഗ്രത ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ സംസ്ഥാന വികസനത്തിന് ആക്കം കൂട്ടുന്ന ഭാവനാപൂർണമായ നടപടികൾ സ്വീകരിച്ചു. കേരള സോഷ്യലിസ്റ്റ് പാർട്ടി (കെ.എസ്.പി) സ്ഥാപക നേതാക്കളിൽ ഒരാളായ പങ്കജാക്ഷൻ, പാർട്ടിയിലെ പ്രബല വിഭാഗം റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിൽ ലയിച്ച 1950 മുതൽ മരണം വരെ ആറര പതിറ്റാണ്ടുകാലം ആ പാർട്ടിയുടെ അമരക്കാരിൽ ഒരാളായി തുടർന്നു. എൻ. ശ്രീകണ്ഠൻനായർക്കും ബേബിജോണിനും ശേഷം ആർ.എസ്.പിയുടെ ദേശീയ ജനറൽ സെക്രട്ടറി പദത്തിൽ അദ്ദേഹത്തെ എത്തിച്ചത് പാർട്ടിയോടും തൊഴിലാളിവർഗ പ്രസ്ഥാനത്തോടുമുള്ള അചഞ്ചലമായ ആത്മബന്ധം ഒന്നുകൊണ്ടു മാത്രമാണ്.
(ദീർഘകാലം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയിരുന്നു ലേഖകൻ. ഫോൺ: 98479 30741)