ആറ്റിങ്ങൽ: തെരുവുനായ്ക്കളെ പുനരധിവസിപ്പിച്ച് സംരക്ഷിക്കാൻ ആറ്റിങ്ങൽ കേന്ദ്രീകരിച്ച് ഷെൽട്ടർ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ്റിങ്ങൽ മേഖലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത് നൂറോളം പേർക്കാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് ഉള്ളത് നഗരസഭയിൽ 480 എണ്ണത്തിന് മാത്രവും.
തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാക്കിയ വന്ധ്യംകരണവും പാഴ്വാക്കായി. സ്കൂൾ, ഓഫീസ്, ബസ് സ്റ്റാൻഡുകൾ, കാത്തിരിപ്പ് കേന്ദ്രം, ഇടറോഡുകൾ തുടങ്ങിയ ആൾ സഞ്ചാരമുള്ള ഇടങ്ങളിലെല്ലാം ഇവ സജീവമാണ്.
മിക്കയിടങ്ങളിലും പൗൾട്രി ഫാമുകളിൽ നിന്നുള്ള വേസ്റ്റാണ് നായ്ക്കളുടെ ആഹാരം. ആറ്റിങ്ങൽ നഗരസഭാതിർത്തിയിൽ ഇരുപതിലധികം പൗൾട്രി ഫാമുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒന്നിനുപോലും ലൈസൻസ് ഇല്ല. പൊല്യൂഷൻ കൺട്രോളിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് ലൈസൻസ് ലഭിക്കാത്തതിന് കാരണം.
സൗകര്യമില്ലാതെ
പൗൾട്രി ഫാമുകളിൽ ഒരിടത്തും മാലിന്യ സംസ്കരണത്തിന് സൗകര്യം ഒരുക്കിയിട്ടില്ല. ഇതിനായി നഗരസഭയ്ക്ക് വേസ്റ്റ് മാനേജ്മെന്റ് സംവിധാനവുമില്ല. മാമത്തെ പഴയ ദേശീയപാതയിലെ മാലിന്യ ചാക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. പൗൾട്രി ഫാമുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് ചിലർ വഴിയോരങ്ങളിൽ തെരുവുനായ്ക്കൾക്ക് കൊടുക്കുന്നതും ഇവിടെ പതിവാണ്.
ശല്യം കൂടുന്നു
തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി ഏറിയിട്ടും ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കായിട്ടില്ല. വന്ധ്യംകരണം ഉൾപ്പെടെയുള്ള പദ്ധതികൾ പാതി വഴിയിലാണ്.
പദ്ധതി പ്രാവർത്തികമാകാതെ
നഗരസഭയുടെ മാലിന്യ സംസ്ക്കരണ പ്ലാന്റിനോട് ചേർന്ന് തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ഒരു പദ്ധതി ആലോചിച്ചെങ്കിലും അതും പ്രാവർത്തികമായില്ല.
വളർത്തുനായ്ക്കളുടെ ലൈസൻസ് ഫീയിനത്തിൽ കിട്ടുന്ന തുക വിനിയോഗിച്ചാൽ ഈ പദ്ധതി നടപ്പിലാക്കാമെന്നാണ് വിലയിരുത്തൽ. വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കിയാൽ ഈയിനത്തിൽ തുക കണ്ടെത്താനാകും.
വളർത്തുനായ്ക്കൾക്ക് നിലവിൽ 270 രൂപയാണ് നഗരസഭയുട ലൈസൻസ് ഫീ. നഗരസഭയിലെ 31 വാർഡുകളിലുമായി ലൈസൻസ് ഉള്ളവയടക്കം 3000ലധികം നായ്ക്കൾ ഉണ്ടെന്നാണ് വിലയിരുത്തൽ.