
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റിന് ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവേശനത്തിനായി മുൻപ് നൽകിയ ഓപ്ഷനുകൾ മൂന്നാംഘട്ടത്തിൽ പരിഗണിക്കില്ല. ഒന്ന്, രണ്ട് ഘട്ടങ്ങളിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും ഇതുവരെ അലോട്ട്‌മെന്റ് നടപടികളിൽ പങ്കെടുക്കാത്തവർക്കും പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്ത് മൂന്നാംഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാം. ഓപ്ഷൻ രജിസ്‌ട്രേഷന് ഫീസ് ബാധകമാണ്.
മുൻ വർഷങ്ങളിലേതു പോലെ ഓപ്ഷൻ കൺഫർമേഷൻ മാത്രം നടത്തിയാൽ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല.
ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിൽ ഹയർ ഓപ്ഷനുകൾ നിലനിറുത്തിയിട്ടുണ്ട്. എന്നാൽ ഈ ഓപ്ഷനുകൾ മുൻ ഘട്ടത്തിൽ പരിഗണിക്കണമെങ്കിൽ വിദ്യാർത്ഥികൾ നിർബന്ധമായും കോളേജുകൾ സെലക്ട് ചെയ്ത് ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തണം. ഇവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് ബാധകമല്ല.
ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനായി വിദ്യാർത്ഥികൾ കാൻഡിഡേറ്റ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. ലോഗിൻ പേജിൽ കാണുന്ന ഓപ്ഷൻ രജിസ്ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫീസ് പേയ്മെന്റ് പേജ് ലഭ്യമാകും. ബാധകമായ രജിസ്‌ട്രേഷൻ ഫീസ് വിവരങ്ങൾ ഈ പേജിൽ നൽകിയിട്ടുണ്ട്. ആർക്കിടെക്ചർ മാത്രം ഓപ്ഷൻ നൽകുന്നവർക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.
എൻജിനിയറിംഗ് / ഫാർമസി / എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിൽ ഓപ്ഷൻ നൽകുന്നവർ ആവശ്യമായ ഫീസടച്ച് കൺഫർമേഷൻ പേജിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ നടത്തണം. ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിലെ ഇടതു പാനലിൽ നൽകിയിട്ടുള്ള കോളേജ്/ കോഴ്‌സ് സെലക്ട് ചെയ്യേണ്ടതും ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിന്റെ വലതു പാനലിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കോളേജ്/ കോഴ്‌സ് മുൻഗണനാ ക്രമം അനുസരിച്ച് ക്രമീകരിക്കേണ്ടതുമാണ്. ഈ ഘട്ടത്തിൽ നൽകിയ ഓപ്ഷനുകൾ അനുസരിച്ച് അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ നിലവിലുള്ള അലോട്ട്‌മെന്റ് റദ്ദാകും. നിലവിൽ എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനം നേടിയവർക്ക് എം.ബി.ബി.എസ്, ബി.ഡി.എസ് അലോട്ട്‌മെന്റ് ലഭിച്ചാൽ അവരുടെ എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ അലോട്ട്‌മെന്റുകൾ റദ്ദാകും. പുതിയ അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സിൽ വിദ്യാർത്ഥികൾ പ്രവേശനം നേടണം. വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. ഹെൽപ് ലൈൻ: 0471 2525300.
പ്രായപൂർത്തിയാകാത്ത
വിദ്യാർത്ഥികൾക്ക് മർദ്ദനം:
ഡിവൈ.എസ്.പി അന്വേഷിക്കണം
□സെപ്തം.10ന് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ
പാലക്കാട്: നെന്മാറയിലും പട്ടാമ്പിയിലും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന പരാതികളെക്കുറിച്ച് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ
അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സെപ്തംബർ 10ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നെന്മാറ ടൗണിൽ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ചാത്തമംഗലം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ 26ന് നെന്മാറ എസ്.ഐ അകാരണമായി മർദ്ദിച്ചെന്നാണ് ഒരു പരാതി. വാഹന പരിശോധനയ്ക്കിടെ നിറുത്താതെ പോയ ബൈക്കിനെ പിന്തുടർന്നെത്തിയ പട്ടാമ്പി പൊലീസ് 16 കാരനായ ഓങ്ങല്ലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് രണ്ടാമത്തെ പരാതി. മർദ്ദനമേറ്റ കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി ഉത്തരവിൽ പറയുന്നു.
ആരോപണ വിധേയരായ പൊലീസുദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ, അവരുടെ വിശദീകരണം, കുട്ടിയുടെയും അച്ഛന്റെയും മൊഴികൾ, കുട്ടികളെ പരിശോധിച്ച ആശുപത്രിയിലെ ചികിത്സാ രേഖകൾ, ഡോക്ടർമാരുടെ മൊഴി, മറ്റ് സാക്ഷി മൊഴികൾ, സി.സി ടിവി ഫൂട്ടേജ് പരിശോധിച്ച വിവരങ്ങൾ എന്നിവ റിപ്പോർട്ടിനൊപ്പം ഹാജരാക്കണം. മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും, ഇവർക്കെതിരെ മുമ്പ് അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നുമുള്ള വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാവണം.അന്വേഷണം നിഷ്പക്ഷവും നീതിയുക്തവുമായിരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
നിറുത്താതെ പോകുന്ന വാഹനങ്ങൾ പിന്തുടർന്ന് പിടിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയിട്ടുണ്ടെങ്കിൽ അത് ഹാജരാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.