bank

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിൽ നടന്ന നിക്ഷേപത്തട്ടിപ്പ് ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങളിൽ നടന്ന തട്ടിപ്പിനും തിരിമറികൾക്കും സമാനമായതാണ്. അല്പം പലിശ കൂടുതൽ ലഭിക്കുമെന്നു കരുതി,​ തീർത്തും സാധാരണക്കാരാണ് ഇത്തരം സ്ഥാപനങ്ങളിൽ മിച്ച സമ്പാദ്യം നിക്ഷേപിക്കാറുള്ളത്. സ്ഥാപന നടത്തിപ്പുകാർ പ്രാദേശികമായി സ്വാധീനമുള്ളവരും പരിചയക്കാരുമാകും. അവരോടുള്ള വിശ്വാസവും നിക്ഷേപങ്ങൾ ആകർഷിക്കാൻ സഹായകമാകും. നിക്ഷേപിച്ച പണം നൽകാനാവാതെ പ്രതിസന്ധിയിലായ തിരുവിതാംകൂർ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പുകളുടെ കഥ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഒന്നും രണ്ടുമല്ല,​ 32 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് അവിടെ നടന്നതെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.

മുൻ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ സംഘത്തിന്റെ പതിനൊന്നു ഭാരവാഹികളെ പ്രതികളാക്കി പൊലീസ് പതിനാറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകൾ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് വിഭാഗത്തിനാണ് അന്വേഷണച്ചുമതല. ആർക്കും പണം നഷ്ടപ്പെടില്ലെന്നും നാലഞ്ചുവർഷത്തിനകം നിക്ഷേപം തിരികെ നൽകാനാവുമെന്നുമാണ് മുൻ ഭരണസമിതിക്കാർ നിക്ഷേപകർക്കു നൽകിയ ഉറപ്പ്. എന്നാൽ ഇത് വെറും വീൺവാക്കാണെന്നും,​ പണം തിരികെക്കിട്ടാൻ സർക്കാർ ഇടപെടണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു. കരുവന്നൂർ ഉൾപ്പെടെ സംസ്ഥാനത്ത് ഇതിനകം നടന്നിട്ടുള്ള സഹകരണ തട്ടിപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ,​ നിക്ഷേപകർക്ക് പ്രതീക്ഷിക്കാൻ വലിയ വകയൊന്നുമില്ലെന്നു കാണാം. കാരണം,​ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വൻ തുകയുമായി പുറത്തുപോകുന്ന ഭരണസമിതിക്കാർ തന്ത്രപരമായിത്തന്നെയാകും ഈ പണമത്രയും മറ്റു മേഖലകളിൽ നിക്ഷേപിച്ചിട്ടുണ്ടാവുക.

ഓഡിറ്റിംഗ് പോലുള്ള നിയമപരമായ നടപടികളിലുണ്ടാകുന്ന കാലതാമസവും ക്രമക്കേടുകളും സഹകരണ സ്ഥാപനങ്ങളിൽ തട്ടിപ്പുകൾക്ക് വലിയ തോതിൽ കളമൊരുക്കാറുണ്ട്. വസ്തുക്കൾ ഈടുവച്ച് വായ്പ വാങ്ങുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ഈടായി നൽകുന്ന വസ്തുവിന്റെ മൂല്യം നോക്കിയൊന്നുമാകില്ല വായ്പാ അപേക്ഷകളിൽ തീരുമാനമെടുക്കുക. ഭരണസമിതിക്കാരുടെ ഇഷ്ടാനിഷ്ടങ്ങളാണ് വായ്പ അനുവദിക്കുന്നതിലെ മാനദണ്ഡം. മതിയായ രേഖകളൊന്നുമില്ലാതെ അനുവദിക്കുന്ന വായ്‌പകൾ തിരിച്ചുപിടിക്കുക ദുഷ്‌കരമാണ്. സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലേക്കും തകർച്ചയിലേക്കും കൂപ്പുകുത്തുന്നത് ഇങ്ങനെയൊക്കെയാണ്. സത്യസന്ധമായി ഓഡിറ്റിംഗ് നടത്തുകയും പരിശോധനകളിൽ വീഴ്ചയുണ്ടാകാതിരിക്കുകയും ചെയ്താൽ ക്രമക്കേടുകൾ തുടക്കത്തിലേ കണ്ടെത്താനാവും. സഹകരണ തട്ടിപ്പുകളുടെയെല്ലാം പൊതുസ്വഭാവം ഇതുതന്നെയാണ്.

തിരുവിതാംകൂർ സഹകരണ സംഘത്തിന്റെ നടത്തിപ്പുകാർ ബി.ജെ.പിക്കാരായിരുന്നു. അതിന്റെ പ്രസിഡന്റ് രണ്ടു പതിറ്റാണ്ടായി തൽസ്ഥാനത്തു തുടർന്ന ആളാണ്. സംഘത്തിനുണ്ടായ സാമ്പത്തിക നഷ്ടം പലിശ സഹിതം മുൻ ഭരണസമിതിക്കാരിൽ നിന്ന് ഈടാക്കാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രത്തോളം ദുഷ്‌കരവും കാലദൈർഘ്യം വേണ്ടിവരുന്നതുമാണെന്ന് എല്ലാവർക്കും അറിയാം. കരുവന്നൂർ മുതൽ തലസ്ഥാനത്തെ ബി.എസ്.എൻ.എൽ സംഘം വരെ ഉദാഹരണങ്ങളായി മുന്നിലുണ്ട്. ഓരോരോ ആവശ്യങ്ങൾ മുന്നിൽക്കണ്ട് സംഘത്തിൽ പണം നിക്ഷേപിച്ചവർക്ക് എപ്പോഴെങ്കിലും പണം കിട്ടിയാൽ പോരല്ലോ. നിക്ഷേപം സുരക്ഷിതമായ ഇടങ്ങളിൽ മാത്രം ഇടാനായാൽ പിന്നീട് മനസ്താപത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാകില്ല; അല്പം പലിശ കുറയുമെന്നേയുള്ളൂ. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെക്കൂടി ഇത്തരം നിക്ഷേപത്തട്ടിപ്പുകൾ സംശയ നിഴലിലാക്കിയിരിക്കുകയണ്. സർക്കാർ വേണം ഇക്കാര്യത്തിൽ ഉറച്ച നടപടികളെടുക്കാൻ.