തിരുവനന്തപുരം: സിനിമാ താരത്തിന്റെ അമ്മയെപ്പോലും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവിധേയനായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയർമാനും താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറിയും രാജിവച്ചു. എന്നാൽ മുകേഷ് അവരെപ്പോലെയല്ല. അദ്ദേഹം ജനപ്രതിനിധിയാണ്. അതിന്റെ ധാർമ്മികത പ്രകടിപ്പിക്കണം. മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തിക്കെതിരെ നടന്ന ആക്രമണങ്ങളെ സുരേന്ദ്രൻ അപലപിച്ചു. വിഷയത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.