തിരുവനന്തപുരം: സിനിമയുടെ ഗുണമല്ല, മറ്റു പല കാര്യങ്ങളുമാണ് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിക്കുന്നതെന്നും, ഇതു കാരണം ഭേദപ്പെട്ട മിക്ക ചിത്രങ്ങളും തഴയപ്പെടുന്നതായും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഫിൽക്ക ഫിലിം സൊസൈറ്റി സംഘടിപ്പിച്ച അടൂർ ചലച്ചിത്രമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ സിനിമ കണ്ട് ശീലിച്ചവരല്ല ജൂറിയായി വരുന്നത്. ഭേദപ്പെട്ട ചിത്രങ്ങളെ ആദ്യമേ പുറത്താക്കുന്നു. ദേശീയ അവാർഡ് കിട്ടിയ ചില ചിത്രങ്ങൾ കണ്ടാൽ ഈ തല്ലിപ്പൊളിക്കാണോ അവാർഡെന്ന് അതിശയിച്ചു പോകും. ഒരു പിടിയുമില്ലാതെയാണ് ചിലർ സിനിമാ പുസ്തകങ്ങൾ രചിക്കുന്നത്. എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള സിനിമ എടുക്കുന്നത് വെല്ലുവിളിയാണെന്നും അടൂർ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മേള ഉദ്ഘാടനം ചെയ്തു. എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളോടൊപ്പം ദൃശ്യവ്യാകരണം അടൂർ സിനിമകളിലും (അഭിമുഖ ചിത്രം) പ്രദർശിപ്പിച്ചു.പ്രിയദർശിനി ഫിലിം സൊസൈറ്റി കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാഡമി, ജോയിന്റ് കൗൺസിൽ ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.