pozhiyoor-phc

പാറശാല: പൊഴിയൂർ സർക്കാർ ആശുപത്രിയിൽ കിടത്തിചികിത്സ അടിയന്തരമായി പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 5000ത്തോളം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുള്ള ഏക സർക്കാർ ആശുപത്രിയാണിത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്താണ് 24കിടക്കകളോടെ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിച്ചത്. എന്നാൽ കൊവിഡുകാലത്ത് ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളംതെറ്റി. കിടത്തി ചികിത്സ പൂർണമായും നിലച്ചു. ഡോക്ടർമാരും ജീവനക്കാരും കുറഞ്ഞതോടെ ആശുപത്രിയുടെ പ്രവർത്തനം ഉച്ചവരെയായി ചുരുങ്ങി. നേരത്തെ പി.എസ്.സിയിൽ നിയമിച്ചിരുന്ന 3ഡോക്ടർമാർക്ക് പുറമെ എൻ.എച്ച്.എമ്മിൽ നിന്നുള്ള 2 ഡോക്ടർമാരും പഞ്ചായത്ത് നിയമിച്ച 2 ഡോക്ടർമാരുമുണ്ടായിരുന്നു. ഇപ്പോൾ പി.എസ്.സിയിലെ രണ്ടും പഞ്ചായത്ത് എൻ.എച്ച്.എമ്മിലെ ഓരോ ഡോക്ടർമാരുമുൾപ്പെടെ 6 പേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇതിൽ ചിലർ അവധിയിലാകുമ്പോൾ വീണ്ടും ഡോക്ടർമാരുടെ എണ്ണം കുറയും. ഡോക്ടർമാർക്ക് പുറമെ പഞ്ചായത്തിന്റെ നേതൃത്വത്തിലുളള ലാബിലെ ജീവനക്കാരുടെ എണ്ണത്തിലും കുറവായതോടെ പലപ്പോഴും പ്രവർത്തിക്കാറില്ല. ഒരു വർഷം മുൻപുവരെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ പ്രദേശത്തെ ഡോ.ജെയിന്റെ സേവനങ്ങൾ നാട്ടുകാർക്ക് ആശ്വാസമായിരുന്നു. എന്നാൽ അദ്ദേഹത്തെ സ്ഥലം മാറ്റിയതോടെ രോഗികൾ ദുരിതത്തിലായി. വേണ്ടത്ര ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് കാരണം ആശുപത്രി ചികിത്സ താളം തെറ്റിയതായി നാട്ടുകാർ പറഞ്ഞു.

രോഗികൾ വലഞ്ഞു

രാത്രികാലങ്ങളിൽ രോഗികളുമായെത്തുന്നവർക്ക് പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയേ വഴിയുള്ളൂ. എന്നാൽ സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് സ്വകാര്യ ആശുപത്രികളിലെ ഫീസ് താങ്ങാവുന്നതിലും അപ്പുറത്താണ്. ഉറ്റവരുടെ ജീവൻരക്ഷിക്കാനായി എന്തുവിലകൊടുത്തും ചികിത്സ തേടുകയാണ് പതിവ്. ആളുകൾ തിങ്ങിപ്പാർക്കുന്നിടത്ത് പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനും സാദ്ധ്യതയേറെയാണ്.

ആശുപത്രി മുറ്റം നായ്ക്കളുടെ കേന്ദ്രം

ആശുപത്രിക്ക് ചുറ്റുമതിലില്ലാത്തതിനാൽ പകലും രാത്രിയിലും നായ്ക്കളുടെ കേന്ദ്രമായി മാറി ആശുപത്രി പരിസരം. ലഹരി വസ്തുക്കളുടെ വിപണനമുൾപ്പെടെയുളള സാമൂഹ്യവിരുദ്ധരുടെ ശല്യവും രോഗികൾക്ക് ഭീഷണിയാണ്. മാത്രമല്ല, സുരക്ഷയ്ക്കായി സെക്യുരിറ്റിയെ നിയമിക്കാത്തതും സി.സി ടിവി സംവിധാനമില്ലാത്തതും ചികിത്സയ്ക്കെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ള രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.