
നെടുമങ്ങാട് : പ്രകൃതി സംരക്ഷണാർത്ഥം വൃക്ഷത്തൈ നടീൽ ജീവിതവ്രതമാക്കിയ 'പൂമരത്തണൽ പ്രകൃതി കുടുംബം" ഡോ.യശോധരൻസ് ആർഷ ഇന്റർനാഷണൽ മോഡൽ സ്കൂളിൽ.കവയിത്രി സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന 'സുഗതസുഷ്മ വനം" പദ്ധതി സ്‌കൂളിൽ ആരംഭിച്ചു.രക്തചന്ദനം ,ആര്യവേപ്പ്, അശോകം ,നെല്ലി,നിർമരുത്,ഉങ്ങ്, മന്ദാരം,കറ്റാർവാഴ എന്നീ ഔഷവൃക്ഷ തൈകൾ സ്‌കൂൾ വളപ്പിലും മന്നൂർക്കോണം 'ഗുരുഗ്രാമ"ത്തിലും നട്ടു. 'പൂമരത്തണൽ" കോഓർഡിനേറ്റർ സുനിൽ സുരേന്ദ്രനിൽ നിന്ന് നക്ഷത്ര വൃക്ഷമായ ഇലഞ്ഞി തൈ ഏറ്റുവാങ്ങി സ്കൂൾ ഡയറക്ടർ ഡോ.എം.ആർ.യശോധരൻ ഉദ്ഘാടനം നിർവഹിച്ചു.കോട്ടയം സ്വദേശിയായ സുനിൽ സുരേന്ദ്രൻ ഭാര്യയും മക്കളുമായി കേരളത്തിലുടനീളം സഞ്ചരിച്ച് വൃക്ഷത്തൈ നടീൽ നടത്തിവരികയാണ്.ആർഷ സ്കൂളിൽ പരിസ്ഥിതി കോഓർഡിനേറ്റർ സുമ ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥി പ്രതിനിധി ബദ്രിനാഥ് 'ഒരു തൈനടാം' എന്ന കവിത ചൊല്ലി. അഭിമന്യു പൂമരത്തണൽ, സുഷിത പൂമരത്തണൽ എന്നിവർ നേതൃത്വം നൽകി.