തിരുവനന്തപുരം: വീട്ടിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അസം ബാലികയ്ക്ക് വേണ്ടിവന്നാൽ ഡി.എൻ.എ ടെസ്റ്റ് നടത്തുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി. പത്ത് ദിവസത്തെ കൗൺസലിംഗിന് ശേഷമേ ഇക്കാര്യം തീരുമാനിക്കൂ.
നഗരത്തിൽ നിന്ന് കാണാതായ ശേഷം വിശാഖപട്ടണത്ത് ട്രെയിനിൽ കണ്ടെത്തിയ കുട്ടിയെ സി.ഡബ്ള്യു.സിയുടെ കൗൺസലിംഗ് സെന്ററായ സ്നേഹിതയിലാണ് താമസിപ്പിച്ചിരിക്കുന്നത്. രേഖകളിലും, കുട്ടിയുടെ സംസാരത്തിലും നിന്ന് സ്വന്തം മാതാപിതാക്കളാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ,. കുട്ടി വീട്ടിലേക്ക് പോകാൻ മടി കാണിക്കുന്ന സാഹചര്യത്തിൽ സ്വന്തം മാതാപിതാക്കളാണോ എന്ന് ഉറപ്പിക്കേണ്ടതിന് ഡി.എൻ.എ ടെസ്റ്റ് വേണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ചൈൽഡ് വെൽഫയർ കമ്മിറ്റി ഈ തീരുമാനത്തിലെത്തിയത്.
കുട്ടി സന്തോഷവതി
അസാം ബാലികയുടെ വൈദ്യപരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു. മറ്റു കുട്ടികളുമായി ചങ്ങാത്തത്തിലായ കുട്ടി വളരെ സന്തോഷവതിയാണ്. ഭക്ഷണം കഴിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി നന്നായി ഉറങ്ങി. കാര്യങ്ങളൊക്കെ സ്വയം ചെയ്യുന്നുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ കൗൺസലിംഗ് ആരംഭിച്ചെങ്കിലും ട് മനസ് തുറക്കാൻ രണ്ട് ദിവസം കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്. മാതാപിതാക്കൾ മടങ്ങിപ്പോയതിന് ശേഷം വീട്ടിലുള്ളവരെക്കുറിച്ച് സംസാരിച്ചിട്ടില്ല.
പത്ത് ദിവസത്തെ കൗൺസലിംഗിന് ശേഷം കുട്ടി മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യം കാണിച്ചാൽ വീട്ടിലേക്ക് അയക്കും... അപ്പോഴും കുട്ടിയുടെ വിദ്യാഭ്യാസവും സുരക്ഷയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തങ്ങളുടെ മേൽനോട്ടം ഉണ്ടായിരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം അറിയിച്ചു. ഹിന്ദി ഭാഷ അറിയാവുന്ന കൗൺസിലർമാരുടെ സഹായത്തോടെയാണ് കൗൺസലിംഗ്.