തിരുവനന്തപുരം : പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാൾ നഗരത്തിലെ ട്രാവൽ ഏജൻസി ഓഫീസിൽ അതിക്രമിച്ചു കയറി മാനേജരെ വാളുകൊണ്ടു വെട്ടി. അക്രമി വിളപ്പിൽ സ്വദേശി ഉസ്മാനെ മ്യൂസിയം പൊലീസ് പിടികൂടി. ശാസ്തമംഗലത്ത് വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സ്വദേശി ജസീലിനാണ് (34)പരിക്കേറ്റത്. ഇന്നലെ രാവിലെ 10.45ന് വെള്ളയമ്പലം എ.ആർ.എസ് ട്രാവൽസിലായിരുന്നു ആക്രമണം. ഉസ്മാന്റെ ബന്ധുവായ സ്ത്രീയും ജസീലും തമ്മിൽ അടുപ്പത്തിലാണെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ജസീലിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉസ്മാൻ എത്തിയത്. സമീപത്തെത്തിയ ശേഷം അരയിൽ കരുതിയിരുന്ന വാൾ എടുത്ത് ജസീലിന്റെ കഴുത്തിനു നേരെ വീശി. ഇതു തടയുന്നതിനിടെ ജസീലസിന്റെ ഇടതു കൈത്തണ്ടയിൽ പരിക്കേറ്റു. തുടർന്നു നെഞ്ചിലും വെട്ടി, ഇതോടെ ജസീൽ ഓടി രക്ഷപ്പെട്ടു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാത ശ്രമത്തിന് കേസെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.