
തിരുവനന്തപുരം:ഓണച്ചെലവിന് പണം കണ്ടെത്താൻ സംസ്ഥാനം ഈയാഴ്ച 3000 കോടി കടമെടുക്കും.അതോടെ വായ്പാ പരിധി തീരും.ശേഷിക്കുന്നത് വെറും 700 കോടി .
കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതും അനുവദിക്കാവുന്നതും കേരളത്തിന് അർഹതയുള്ളതുമായ പണം കിട്ടിയാൽ ഓണക്കാല പ്രതിസന്ധി തരണം ചെയ്യാം. കേന്ദ്രത്തിൽ നിന്ന് വിവിധ പദ്ധതികളുടേയും ഗ്രാന്റുകളുടേയും വിഹിതത്തിൽ 3900 കോടിയോളം രൂപ കിട്ടാനുണ്ട്. വായ്പാ പരിധിയിൽ 5710 കോടിയുടെ അന്യായമായ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്.
ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജൂൺ 22നും 27നും സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകി. മറുപടി കിട്ടിയില്ല. ഈ മാസം ആദ്യം ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഡൽഹിയിൽ പോയപ്പോഴും കേരളത്തിന്റെ നിവേദനം നൽകിയിരുന്നു.അതിനും പ്രതികരണമില്ല. ആകെയുള്ള ആശ്വാസം വെയ്സ് ആൻഡ് മീൻസ് പ്രകാരം മൂന്ന് മാസത്തെ കാലാവധിയിൽ എടുക്കാവുന്ന ഹ്രസ്വകാല വായ്പയുടെ പരിധി 1633 കോടിയിൽ നിന്ന് 2300കോടിയായി വർദ്ധിപ്പിച്ചതാണ്. ഡിസംബർ വരെ പിടിച്ചുനിൽക്കാൻ സംസ്ഥാനത്തിന് ഇത് ഏറെ അനുകൂലമാകും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണത്തിന് സർക്കാർ ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ,ശമ്പളവും ബോണസും ഉൽസവ ബത്തയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനും വിപണി ഇടപെടലിനും പണം കണ്ടെത്തേണ്ടതുണ്ട്.ഓണം സെപ്തംബർ
പകുതിയിലായതിനാൽ ശമ്പള അഡ്വാൻസ് നൽകേണ്ടിവരില്ല. പക്ഷേ, വിവിധ മേഖലകളിലെ കുടിശികകളിൽ നല്ലൊരുഭാഗം കൊടുക്കാൻ 2000 കോടിയെങ്കിലും വേണം.
2 മാസത്തെ ക്ഷേമപെൻഷൻ
കുടിശിക നൽകും
സാമൂഹ്യ സുരക്ഷാപെൻഷനിൽ 5മാസത്തെ കുടിശികയുണ്ട്. ഇതിൽ രണ്ടെണ്ണം ഈ സാമ്പത്തിക വർഷവും മൂന്നെണ്ണം അടുത്ത വർഷവും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷത്തെ രണ്ട്
ഗഡു ഓണക്കാലത്ത് നൽകാനാണ് തീരുമാനം. സെപ്തംബർ മാസത്തെ പെൻഷൻ ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമപെൻഷൻ നൽകേണ്ടിവരും. ഓരോരുത്തർക്കും 4800 രൂപ വീതം ലഭിക്കും.
ആകെ ഓണച്ചെലവ്
12630 കോടി
□ശമ്പളത്തിനും പെൻഷനും -5400കോടി
□ക്ഷേമപെൻഷന്- 2730കോടി
□ഉത്സവ ബത്ത -700കോടി
□വിപണി ഇടപെടൽ,മറ്റ് ക്ഷേമനടപടികൾ- 1800കോടി
□ക്ഷേമബോർഡുകൾ,ബോണസ്,സബ്സിഡി -2000കോടി