തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പിനിരയായ നിക്ഷേപകർ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നിക്ഷേപകരുടെ കൂട്ടായ്‌മ അറിയിച്ചു. തട്ടിപ്പിൽ 31 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതിൽ 28ഉം ഫോർട്ട് പൊലീസ് സ്റ്രേഷനിലാണ്. മൂന്നെണ്ണം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലുമാണ്. ഇന്നലെ ഫോർട്ട് സ്റ്റേഷനിൽ മാത്രം 10 കേസുകൾ രജിസ്റ്റർ ചെയ്തു.കേസുകളെല്ലാം രജിസ്റ്റർ ചെയ്തശേഷം തിങ്കളാഴ്ചയോടെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘത്തിന് അന്വേഷണം കൈമാറും.50 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ നിഗമനം.

നിക്ഷേപർ അസി.രജിസ്ട്രാറെ കണ്ടു

അതിനിടെ, സംഘത്തിൽ ഈമാസം പിരിഞ്ഞുകിട്ടിയ 40 ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചെന്ന് അറിയാൻ നിക്ഷേപകർ ഇന്നലെ രാജാജി നഗറിലെ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെത്തി.പണം അത്യാവശ്യക്കാർക്ക് വീതിച്ചുനൽകിയെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ വാദം.തങ്ങൾക്കും അത്യാവശ്യങ്ങൾ ഉണ്ടെന്നും എന്ത് അടിസ്ഥാനത്തിലാണ് പരാതിപ്പെടാത്തവർക്ക് പണം നൽകിയതെന്നും നിക്ഷേപകർ ചോദിച്ചു. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾക്ക് രേഖകൾ ഹാജരാക്കിയവർക്കാണ് പണം നൽകിയതെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ ബിജു പ്രസാദ് വിശദീകരിച്ചു.പരാതി നൽകിയ 112 ഓളം പേരും ഇതുപോലുള്ള അടിയന്തരഘട്ടങ്ങളിലൂടെ കടന്നുപോകുന്നവരാണെന്ന് നിക്ഷേപകരും പറഞ്ഞു. മകളുടെ കല്യാണം നടത്താൻ കരുതിവച്ച എട്ടുലക്ഷം നിക്ഷേപിച്ച തനിക്ക് പകുതിയെങ്കിലും തിരിച്ചുലഭിക്കണമെന്നായിരുന്നു ചാല സ്വദേശിയുടെ ആവശ്യം.നാളെയാണ് കല്യാണം.മൂന്നുലക്ഷം അനുവദിക്കാമെന്ന് അസി. രജിസ്ട്രാർ പറഞ്ഞു.പണം തിരിച്ചുകിട്ടുന്നതിനുവേണ്ടി ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതിയുടെ നിർദേശം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അസി. രജിസ്ട്രാർ പരാതിക്കാരെ അറിയിച്ചു.

പാർട്ടിക്ക് ബന്ധമില്ല: കെ.സുരേന്ദ്രൻ

നിക്ഷേപത്തട്ടിപ്പിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയുടെ സംഘമല്ലെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തട്ടിപ്പ് നടക്കുന്ന സമയത്ത് ബി.ജെ.പി മുൻ സംസ്ഥാന വക്താവ് എം.എസ്.കുമാർ ആയിരുന്നു സംഘത്തിന്റെ പ്രസിഡന്റ്. ഇപ്പോൾ സംഘം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്.ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കെ.ആർ.സത്യചന്ദ്രൻ മുൻ കൗൺസിലർ ജി.മാണിക്യം തുടങ്ങിയവരും ഭരണസമിതിലുണ്ടായിരുന്നു. ഇവരെല്ലാം ഒളിവിലാണ്. പാർട്ടി കൈവിട്ടതോടെ നേതാക്കൾ പരുങ്ങലിലായി.