 ആശങ്കയിലായി രക്ഷിതാക്കളും പൊലീസും

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ ക്ളാസിൽ കയറാതെ നഗരം ചുറ്റിയടിച്ചു. പൊലീസും രക്ഷകർത്താക്കളും മണിക്കൂറുകളോളം ആശങ്കയിലായി. തിരക്കിട്ട അന്വേഷണം നടക്കുന്നതിനിടെ മൂന്നുപേരും ഇന്നലെ വൈകിട്ട് ആറോടെ സ്കൂളിൽ മടങ്ങിയെത്തിയപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. രാവിലെ ഇവരിൽ ഒരാൾ സ്‌കൂളിൽ എത്തിയെങ്കിലും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് അപ്രത്യക്ഷയായി. ക്ളാസിൽ അറ്റൻഡൻസ് എടുത്തപ്പോഴാണ് ഈ കുട്ടിയടക്കം മൂന്നുപേർ എത്തിയില്ലെന്ന് മനസിലായത്. ഹാജരാകാത്ത കുട്ടികളുടെ വിവരം അദ്ധ്യാപകർ വാട്സ്ആപ്പിലൂടെ രക്ഷിതാക്കളെ അറിയിച്ചു. ഭയന്നുപോയ രക്ഷിതാക്കൾ ഉടൻ സ്‌കൂളിലെത്തി പ്രിൻസിപ്പലിനെ കണ്ടു. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഒരാൾ സ്‌കൂളിൽ എത്തിയ ശേഷമാണ് മുങ്ങിയതെന്ന് മനസിലായത്. ഉടനെ വിവരം പൊലീസിനെ അറിയിച്ചു. നഗരത്തിൽ അടുത്തിടെയായി കുട്ടികളെ കാണാതാകുന്ന സംഭവം ഉണ്ടാകുന്നതിനാൽ കേസെടുത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. ബസ് സ്റ്റാൻഡ്, റെയിൽവേസ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പരിശോധനയും ശക്തമാക്കി. എന്നാൽ വിവരമൊന്നും ലഭിച്ചില്ല. അതേസമയം,​ വൈകിട്ട് ക്ലാസ് അവസാനിക്കുന്ന സമയത്തിനു മുമ്പ് മൂന്നുപേരും സ്‌കൂളിൽ തിരിച്ചെത്തി. തങ്ങൾ കറങ്ങാൻ പോയെന്നാണ് ഇവർ അദ്ധ്യാപകരോട് പറഞ്ഞത്.