തിരുവനന്തപുരം: രഞ്ജിത്ത് രാജിവച്ചതോടെ ഒഴിവുവന്ന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തിനു വേണ്ടി കരുനീക്കം ശക്തം. സാംസ്കാരിക വകുപ്പിനു മുന്നിലുള്ള പേരുകളിൽ അക്കാഡമിയുടെ മുൻ വൈസ് ചെയർപേഴ്സൺ ബീനാ പോളിനാണ് മുൻതൂക്കം. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. സംവിധായകൻ ഡോ.ബിജുവിന്റെ പേരും ചിലർ ഉയർത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.

സിനിമ കോൺക്ലേവ്, ചലച്ചിത്രമേള, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം എന്നിവയുടെ നടത്തിപ്പിന് ചെയർമാൻ വേണം.ഇപ്പോൾ വൈസ് ചെയർമാൻ പ്രേംകുമാറിനാണ് ചെയർമാന്റെചുമതല. അക്കാഡമി നിയമാവലി പ്രകാരവും അങ്ങനയാണ് വേണ്ടത്. നിലവിലെ ഭരണ സമിതിയുടെ മൂന്നുവർഷ കാലാവധി ജനുവരിയിൽ അവസാനിക്കും.