തിരുവനന്തപുരം: പകരം വയ്ക്കാനാവാത്ത ആത്മബന്ധമുള്ള മാനസഗുരു! അതായിരുന്നു ഇന്നലെ അന്തരിച്ച സംവിധായകൻ എം.മോഹന് സംവിധായകൻ എം.കൃഷ്ണൻ നായർ. കഴിഞ്ഞവർഷം മേയിൽ തൈക്കാട് ഗണേശത്തിൽ നടന്ന എം.കൃഷ്ണൻ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനത്തിൽ ക്ഷണിക്കപ്പടാതെ എത്തിയതും ഗുരുവിനുള്ള ദക്ഷിണ നൽകാനായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാഡമി നിർമ്മിച്ച 'എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് എം.കൃഷ്ണൻ നായരുടെ മകനും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറായിരുന്നു. ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മോഹൻ ഉണ്ടായിരുന്നില്ല. പക്ഷേ വാർത്ത അറിഞ്ഞ് മോഹനെത്തി സദസിന്റെ ഒരറ്റത്തിരുന്നു. അതും ചെന്നൈയിൽ നിന്ന് ! നർത്തകിയും നടിയുമായ ഭാര്യ അനുപമ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു. കെ.ജയകുമാർ മോഹനെ ക്ഷണിച്ച് ശ്രീകുമാരൻ തമ്പി, ജോർജ് ഓണക്കൂർ, നടൻ പ്രേം കുമാർ എന്നിവർക്കൊപ്പം വേദിയിലിരുത്തി. മറ്റുള്ളവർ സദസിനെ അഭിസംബോധന ചെയ്യുന്നതിനിടെ മോഹൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച് കുഴഞ്ഞുവീണു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം മരണത്തെ മുന്നിൽക്കണ്ട് ആശുപത്രിക്കിടക്കയിൽ. രണ്ട് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ചെന്നൈയിൽ ബികോം പഠിക്കാൻ പോയപ്പോഴാണ് എം.കൃഷ്ണൻ നായരെ എം.മോഹൻ പരിചയപ്പെടുന്നത്. കൃഷ്ണൻ നായരുടെ സംവിധാനമികവ് കണ്ട് സിനിമാക്കമ്പം കയറി. പിന്നീട് അദ്ദേഹത്തിന്റെ അസിസ്റ്റന്റായി. ഒരു ചിത്രത്തിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. മോഹൻ സംവിധാനം ചെയ്ത 'പക്ഷേ' എന്ന സിനിമയിലെ ഗാനങ്ങൾക്ക് കെ.ജയകുമാറാണ് വരികളെഴുതിയത്. മികച്ച ദൃശ്യബോധമുള്ള സംവിധായകനായിരുന്നു മോഹനെന്ന് കെ.ജയകുമാർ ഓർത്തു.

ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ദൂരം ഒരു ദൂരമേ അല്ല...'

വലിയ ആത്മബന്ധം സൂക്ഷിച്ച ഗുരുതുല്യനായിരുന്നു സംവിധായകൻ എം.മോഹന്

എം.കൃഷ്ണൻ നായർ