1

കുളത്തൂർ: ദേശീയപാതയ്ക്ക് സമീപം കുളത്തൂർ ഗുരുനഗറിൽ താത്കാലിക സഞ്ചാരത്തിനായി സ്ഥാപിച്ച ഇരുമ്പ് പടവുകൾ ദേശീയപാത അധികൃതർ പൊലീസ് സഹായത്തോടെ നീക്കിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ടാണ് ദേശീയപാത അധികൃതരുടെ ആവശ്യപ്രകാരം തുമ്പ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ജെ.സി.ബിയുമായെത്തി ഇരുമ്പ് പടവുകൾ ഒരോന്നായി നീക്കം ചെയ്തത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ സർവീസ് റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വർഷങ്ങളായുള്ള ജനങ്ങളുടെ പ്രധാന ആവശ്യമായ അടിപ്പാത നിർമ്മാണം ഇപ്പോഴും സ്വപ്നമായി നിലനിൽക്കുകയാണ്. പഴയ ആക്കുളം ബൈപ്പാസ് ദേശീയപാത 66 ആയി വികസിപ്പിക്കുന്നതിന് മുമ്പേ കുളത്തൂർ ഗുരു നഗർ നിവാസികൾ സഞ്ചാര സ്വന്തന്ത്ര്യം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി രംഗത്തെത്തിയിരുന്നു. പതിനായിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ പടിഞ്ഞാറ് വശത്ത് റെയിൽപാതയും കിഴക്ക് വശത്ത് ദേശീയപാതയും വന്നതോടെ ജനങ്ങൾക്ക് യാത്രാ സൗകര്യമില്ലാതെയായി. റോഡിന് അപ്പുറത്തുള്ള കുളത്തൂർ കോലത്തുകര ഗവ.സ്കൂളിലേക്ക് എത്താൻ കഴിയാത്തതിനാൽ നൂറുകണക്കിന് വിദ്യാർത്ഥികൾ സ്കൂൾ മാറിപ്പോയി.പ്രദേശവാസികൾക്ക് നടന്നു പോകാനും ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനും മിനി അടിപ്പാതയാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡ് പണി തുടങ്ങുന്നതിന് മുമ്പേയുള്ള ജനങ്ങളുടെ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതേ തുടർന്ന് താത്കാലിക സഞ്ചാരത്തിനായി ജനങ്ങൾ സ്ഥാപിച്ച ഇരുമ്പ് പടവുകളാണ് നീക്കം ചെയ്ത്. ഗുരു നഗർ അണ്ടർപാസിനായി അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.